പോത്തൻകോട്: കല്ലൂർ പാണൻവിളയിൽ വച്ച് നടന്ന ഗുണ്ടാ ആക്രമണത്തിൽ സുധീഷ് എന്ന യുവാവ് കൊല്ലപ്പെട്ട് നാല് ദിവസം ആകുമ്പോഴും ഒട്ടകം രാജേഷ് അടക്കം മുഖ്യ പ്രതികളായ മൂന്നു പേരെ പിടികൂടാനാവാതെ ഇരുട്ടിൽ തപ്പി അന്വേഷണ സംഘം.
ഒട്ടകം രാജേഷ്, സുധീഷ് ഉണ്ണി,മിഠായി ശ്യാം എന്നിവർ ജില്ലയിൽ തന്നെ ഉണ്ടെന്നാണ് പോലീസ് നിഗമനം.എന്നാൽ മറ്റു ജില്ലകളിലേക്കും സംസ്ഥാന അതിർത്തികളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.കോളനികളും ഗുണ്ടാ ഏരിയകളും കേന്ദ്രീകരിച്ചു വ്യാപക പരിശോധനായാണ് ഇപ്പോൾ നടത്തുന്നത്.
മൊത്തം 11 പേരുടെ ലിസ്റ്റാണ് പോലീസ് പുറത്ത് വിട്ടത്.എന്നാൽ ഒരാൾ കൂടി സംഘത്തിൽ ഉണ്ടെന്നാണ് പോലീസ് നിഗമനം. അതേസമയം ഷിബിൻ എന്നയാളെ ഇപ്പോൾ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം ആറുപേരുടെ കൂടി അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.
കൊലയ്ക്ക് ഉപയോഗിച്ച വാളും വെട്ടുകത്തികളും വെഞ്ഞാറമൂട് മൂളയം പാലത്തിന് സമീപത്തെ പറമ്പിൽ നിന്നും കണ്ടെത്തി.പ്രതികളെ ഇവിടെ എത്തിച്ചാണ് പോത്തൻകോട് പോലീസ് തെളിവെടുത്തത്.ഒളിവിലായ പ്രതികൾക്കായുള്ള വ്യാപക തിരച്ചിൽ നടക്കുകയാണ്.
ഡി.ഐ.ജി സഞ്ജയ് കുമാർ ഗുരുദിന് പോത്തൻകോട് പോലീസ് സ്റ്റേഷനിൽ എത്തി അന്വേഷണ പുരോഗതി വിലയിരുത്തി.ഒന്നാം പ്രതി സുധീഷ് ഉണ്ണിയുടെ അമ്മക്കു നേരെ ബോംബെറിഞ്ഞതിലുള്ള വൈരാഗ്യമാണ് കൊലപാതകം ആസൂത്രണം ചെയ്യാൻ കാരണമെന്നാണ് പോലീസ് പറയുന്നത്.
ആറ്റിങ്ങൽ മങ്കാട്ടുമൂലയിൽ നടന്ന രണ്ട് അക്രമ സംഭവങ്ങളുടെ തുടർച്ചയാണ് കല്ലൂരിലെ കൊലപാതകം. ശനിയാഴ്ച ഉച്ചയ്ക്ക് 2.45 ന് ബൈക്കുകളിലും ഓട്ടോയിലുമായി 11 അംഗ സംഘമാണ് സുധീഷിനെ കൊലപ്പെടുത്തിയത്.മംഗലപുരം, ആറ്റിങ്ങൽ സ്റ്റേഷനുകളിൽ വധശ്രമം അടിപിടി കേസുകളിൽ പ്രതിയാണ് മരിച്ച സുധീഷ്.
ആറ്റിങ്ങൾ മങ്ങാട്ടുമൂലയിൽ ഇക്കഴിഞ്ഞ 6ന് സുധീഷിന്റെ സംഘം വീട് ആക്രമിച്ച് രണ്ട് പേരെ വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നു. രാജേഷിന്റെ സംഘത്തിന് നേരെയായിരുന്നു ഈ ആക്രമണമെന്നാണ് വിവരം. ഈ കേസിൽ അഞ്ച് പേർ ഇപ്പോൾ ജയിലിലാണ്.
പ്രത്യാക്രമണം തുടരുമെന്ന് മനസിലാക്കിയ സുധീഷ് കല്ലൂർ പാണൻ വിളയിലെ അമ്മയുടെ കുടുംബ വീട്ടിൽ ഒളിവിലായിരുന്നു.ഇതിൽ മൂന്നാം പ്രതി ശ്യാം കൊല്ലപ്പെട്ട സുധീഷിന്റെ ഭാര്യാ സഹോദരനാണ്.ഇയാളാണ് സുധീഷിന്റെ ഒളിത്താവളം ഗുണ്ടാ സംഘത്തിന് കാട്ടിക്കൊടുത്തത്.മുഴുവൻ പ്രതികളും ഉടൻ പിടിയിലാകുമെന്ന് ഡിഐജി സഞ്ജയ് കുമാർ ഗുരുദിന് മാധ്യമങ്ങളോട് പറഞ്ഞു.