മാവേലിക്കര: അയൽവാസിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ദന്പതികളുടെ സംസ്കാരം നാളെ നടക്കും. തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ട പല്ലാരിമംഗലം കിഴക്ക് ദേവു ഭവനത്തിൽ ബിജു(43), ശശികല(36) എന്നിവരുടെ സംസ്കാരം പല്ലാരിമംഗലത്തെ വീട്ടിലാണ് നടക്കുക. സംഭവത്തിൽ പിടിയിലായ അയൽവാസി പല്ലാരിമംഗലം തിരുവന്പാടി വീട്ടിൽ സുധീഷ്(38)നെ ഇന്ന് കോടതിയിൽ ഹാജരാക്കും.
കഴിഞ്ഞ 23ന് ഉച്ചകഴിഞ്ഞ്് രണ്ടോടെയായിരുന്നു നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം അരങ്ങേറിയത്. പല്ലാരിമംഗലത്ത് ഉറകാരേത്ത് ജംഗ്്ഷന് സമീപം ദേവു ഭവനത്തിൽ ബിജു, ഭാര്യ ശശികല എന്നിവരാണ് കൊല്ലപ്പെട്ടത്. അയൽവാസിയായ പല്ലാരിമംഗലം തിരുവന്പാടി വീട്ടിൽ സുധീഷ്(38) ഇവരെ കന്പിവടി കൊണ്ട് തലക്കടിച്ച് താഴെ വീഴ്ത്തിയ ശേഷം ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു.
ബിജുവും മകനും മാവേലിക്കരയിൽ പോയി മടങ്ങി വീട്ടിലെത്തിയപ്പോൾ സുധീഷ് ബിജുവിനെ അസഭ്യം പറഞ്ഞു. ചോദ്യം ചെയ്ത ബിജുവിനെ സുധീഷ് കന്പിവടി കൊണ്ട് ആക്രമിക്കുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ ബിജുവിന്റെ ഭാര്യ ശശികലയെയും സുധീഷ് ആക്രമിച്ചു. അടി കൊണ്ടു നിലത്തു വീണ ഇരുവരെയും ഇഷ്ടിക കൊണ്ട് പലതവണ തലയ്ക്കടിച്ചു.
അച്ഛനമ്മമാരെ ആക്രമിക്കുന്നത് കണ്ട് ഭയന്ന ബിജുവിന്റെ മകൻ ദേവൻ അയൽവീട്ടിലേക്ക് ഓടി. കുഞ്ഞിന്റെ പിന്നാലെയും ആക്രമിക്കാനായി സുധീഷ് ഓടിയതായി കണ്ടു നിന്നവർ പറഞ്ഞു. അയൽവാസികൾ എത്തിയപ്പോൾ അടിയേറ്റ് രക്തത്തിൽ കുളിച്ചു കിടക്കുന്ന ബിജുവിനെയും ഭാര്യയെയുമാണ് കണ്ടത്. വാഹനത്തിൽ കൊണ്ടുപോകാൻ പറ്റാത്ത നിലയിലായതിനാൽ ഇരുവരെയും ആംബുലൻസിൽ കായംകുളം താലൂക്ക് ആശുപത്രിയിലെത്തിച്ചു. ശശികല സംഭവസ്ഥലത്തും ബിജു കായംകുളം താലൂക്ക് ആശുപത്രിയിലുമാണ് മരിച്ചത്.
കന്പിവടികൊണ്ടുള്ള അടിയിലും ഇഷ്ടികകൊണ്ടുള്ള ഇടിയിലും ഇരുവരുടേയും മുഖം വികൃതമാകുകയും തലയുടെ മുൻഭാഗവും പുറകുവശവും തകരുകയും ചെയ്തിരുന്നു. ആക്രമണത്തിനു ശേഷം രക്ഷപെടാൻ ശ്രമിച്ച പ്രതിയെ പുത്തൻ കുളങ്ങരക്ക് സമീപം പോലീസ് പിന്തുടർന്ന് പിടികൂടുകയുമായിരുന്നു.
ബിജുവും ശശികലയും ദളിത് വിഭാഗത്തിൽപ്പെട്ടവരായതിനാൽ കേസിന്റെ അന്വേഷണച്ചുമതല ചെങ്ങന്നൂർ ഡിവൈഎസ്പി ആർ ബിനുവിന് നൽകി ജില്ലാ പോലീസ് സൂപ്രണ്ട് എസ് സുരേന്ദ്രൻ ഉത്തരവായി. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്ത മൃതദേഹങ്ങൾ മാവേലിക്കര ജില്ലാ ആശുപത്രി മോർച്ചറിയിൽ. സംസ്കാരം വ്യാഴാഴ്ച വീട്ടുവളപ്പിൽ.
തെളിവെടുപ്പ്
ആക്രമണത്തിനായി ഉപയോഗിച്ച ഇരുന്പ് കന്പി കണ്ടെടുത്തശേഷം കൃത്യം നടന്നിടത്ത് എത്തി സുധീഷ് തെല്ലും സങ്കോചമില്ലാതെയാണ് കൊലപാതക കഥ വിവരിച്ചത്. കന്പിവടികൊണ്ട് തലയ്ക്ക് അടിച്ചു വീഴ്ത്തി. പിന്നീട് ഇരുവരെയും ഇഷ്ടികക്കഷ്ണം ഉപയോഗിച്ച് തലയിലും മുഖത്തും ഇടിച്ച് പരിക്കേൽപ്പിച്ചു. അതിനുശേഷം സമീപത്തൂടെ നടന്നു രക്ഷപെട്ടതുമെല്ലാം പോലീസിനോട്് ബിജു പറഞ്ഞു. കൃത്യമായും എവിടെയൊക്കെയാണ് മുറിവേൽപ്പിച്ചതെന്ന് പോലും സുധീഷ് വ്യക്തമായി പറഞ്ഞു.
വെയിലിന്റെ കാഠിന്യത്തിൽ ഉണ്ടായ ക്ഷീണമല്ലാതെ മറ്റൊരു സങ്കോചവും അപ്പോൾ സുധീഷിന്റെ മുഖത്തുണ്ടായിരുന്നില്ല. ഒരു കഥ പറഞ്ഞു തീർക്കുന്ന ലാഘവത്തോടെയാണ് വിവരങ്ങൾ പോലീസിനു മുന്പിൽ പറഞ്ഞു തീർത്തത്. ഈ സമയം തടിച്ചു കൂടിയ സ്ത്രീകളിൽ ചിലർ വിതുന്പുകയായിരുന്നു. ഇതിനിടെ തടിച്ചു കൂടിയ ജനങ്ങളിൽ നിന്ന് ഇയാൾക്കു നേരെ അസഭ്യ വർഷമുണ്ടായി. ജീപ്പിൽ കയറ്റി തിരിച്ചു പോകുന്ന സമയവും അസഭ്യം പറഞ്ഞ നാട്ടുകാർക്ക് നേരെ സുധീഷ് കയർത്തു.