പോത്തൻകോട് : സുധീഷ് വധക്കേസില്‍ രണ്ടാം പ്രതിയായ ഒട്ടകം രാജേഷ് കഴിഞ്ഞ ദിവസം പോലീസിന്റെ കൈയെത്തും ദൂരത്ത് നിന്ന് രക്ഷപെട്ടതായി സൂചന.
ഒന്നും മൂന്നും പ്രതികളായ സുധീഷ് ഉണ്ണി, മുട്ടായി ശ്യാം എന്നിവരെ വെമ്പായം ചാത്തമ്പാട് വച്ച് കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു.
തമിഴ്നാട്ടിൽ ഒളിവിൽ പോയ ശേഷം പോത്തൻകോട് തിരിച്ചെത്തിയപ്പോഴാണ് പ്രതികളെ പിടികൂടിയത്. എന്നാൽ ഇവരോടൊപ്പം ഒട്ടകം രാജേഷും ഉണ്ടായിരുന്നു.
പോലീസ് വീട് വളഞ്ഞു പിടിക്കും മുന്നേ പത്ത് മിനിറ്റ് മുൻപ് ഒട്ടകം രാജേഷ് തനിക്ക് സുഖമില്ല ആശുപത്രിയിൽ പോകുന്നുവെന്ന് കൂടെയുള്ളവരോട് പറഞ്ഞു അവിടെ നിന്ന് മുങ്ങിയെന്നാണ് പിടിയിലായവർ പോലീസിനോട് പറഞ്ഞത്.
അതേസമയം ഒട്ടകം രാജേഷ് പോലീസിന്റെ വലയ്ക്കുള്ളിൽ തന്നെയുണ്ടെന്ന സൂചനകളും പുറത്തു വരുന്നുണ്ട്. കന്യാകുളങ്ങര ഭാഗത്ത് ഒട്ടകം രാജേഷ് ഉണ്ടെന്നാണ് വിവരം. വ്യാപക പരിശോധനയാണ് പോലീസ് നടത്തുന്നത്.
അതേസമയം പിടിയിലായവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ഒന്നാം പ്രതി സുധീഷ് ഉണ്ണിയാണ്. സച്ചിൻ, അരുണ്‍, സൂരജ്, ജിഷ്ണു, നന്ദു, ഷിബിന്‍, നന്ദീഷ്, നിധീഷ്, രഞ്ജിത്ത് എന്നീ പ്രതികളെ പോലീസ് നേരത്തെ പിടികൂടിയിരുന്നു.
ഉണ്ണിയും ശ്യാമും സംഭവത്തിന് ശേഷം തമിഴ്നാട് മണ്ടയ്ക്കാട്ടാണ് ഒളിവില്‍ കഴിഞ്ഞത്. അവിടെ നിന്ന് ഇന്നലെ രാത്രി പോത്തൻകോട്ടത്തി.
പിന്നീട് വെമ്പായം ചാത്തമ്പാട്ടെ ഒരു വീട്ടില്‍ ഒളിച്ചിരുന്നു. രഹസ്യ വിവരത്തെത്തുടര്‍ന്ന് വീട് വളഞ്ഞ പോത്തൻകോട് സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതികളെ കീഴ്പ്പെടുത്തുകയായിരുന്നു.
നാളെ പിടിയിലായ പ്രതികളെ സംഭവ സ്ഥലത്ത് എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തും. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് മംഗലപുരം ചെമ്പകമംഗലം സ്വദേശിയായ സുധീഷിനെ പോത്തൻകോട് കല്ലൂരിലെ വീട്ടില്‍വച്ച് ബൈക്കിലും ഓട്ടോയിലുമായി എത്തിയ പന്ത്രണ്ടംഗ സംഘം ആക്രമിച്ച് കൊലപ്പെടുത്തിയത്.