പത്തനംതിട്ട: ബൈക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവിനെ വഴിയില്‍ ഉപേക്ഷിച്ചു കടന്നുകളയാന്‍ ശ്രമിച്ച സഹയാത്രികനെതിരേ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കു പോലീസ് കേസെടുത്തു. അപകടത്തില്‍ പരിക്കേറ്റ നെല്ലിക്കാല പ്ലാങ്കൂട്ടത്തില്‍ മുരുപ്പേല്‍ രാജേഷ് – സുമ ദമ്പതികളുടെ മകന് സുധീഷ് (17) ശനിയാഴ്ച രാത്രി തന്നെ മരിച്ചു. ഇതിനിടെ സുധീഷിന്റെ മരണവുമായി ബന്ധപ്പെട്ട് നാട്ടുകാരുടെ പരാതിയില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും പോലീസ് പറഞ്ഞു.
സംഭവത്തില്‍ പത്തനംതിട്ട കുലശേഖരപതി ചേട്ട ബിയാത്തുമ്മ പുരയിടത്തില്‍ സഹദ്(27) നെയാണ് ആറന്മുള പോലീസ് അറസ്റ്റ് ചെയ്തത്. മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് ഐപിസി 304 പ്രകാരം എടുത്ത കേസില്‍ കോടതിയില്‍ ഹാജരാക്കിയ സഹദിനെ റിമാന്‍ഡ് ചെയ്തു. തിരുവല്ല – കുമ്പഴ സംസ്ഥാന പാതയില്‍ കാരംവേലിയില്‍ ശനിയാഴ്ച രാത്രി 9. 15 ഓടെയായിരുന്നു ബൈക്ക് മറിഞ്ഞ് അപകടം.
പരിക്കേറ്റ് റോഡില്‍ കിടന്ന യുവാവിനെ ഉപേക്ഷിച്ച് കടന്നു കളയാന്‍ ശ്രമിച്ച സഹദിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്പിക്കുകയായിരുന്നു. സുധീഷിനെ സഹദ് രാത്രിയില്‍ വീട്ടില്‍ നിന്ന് വിളിച്ചിറക്കി ബൈക്കില്‍ കയറ്റി കൊണ്ടുപോകുകയായിരുന്നു. കോഴഞ്ചേരിയില്‍ കടയിലേക്കാണ് പോയതെന്നും ബൈക്ക് ഓട്ടോറിക്ഷയില്‍ തട്ടിയതിനേ തുടര്‍ന്നാണ് മറിഞ്ഞതെന്നുമാണ് സഹദ് പോലീസിനോട് പറഞ്ഞത്.
ബൈക്ക് അമിത വേഗത്തിലായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായി. രാത്രി വീട്ടില്‍ എത്തി സുധീഷിനെ കൂട്ടികൊണ്ടു പോയതിലും ദുരൂഹതയുണ്ട്. ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു.
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം കോഴഞ്ചേരി ജില്ല ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന സുധീഷിന്റെ മൃതദേഹം പിതാവ് രാജേഷിന്റെ ചെങ്ങറ കുറുന്തോട്ടിക്കല്‍ കുമ്പളത്താമണിലെ വീട്ടുവളപ്പില്‍ സംസ്കരിച്ചു.