തൊടുപുഴ: മരണത്തിനു മുന്പ് കുടുംബത്തിനായി ആകെയുള്ള ഭൂമി എഴുതി നൽകാനാണ് ആ ചെറുപ്പക്കാരൻ അവസാനമായി ഒരു സർക്കാർ ഓഫീസിൽ എത്തിയത്. എന്നാൽ മനുഷ്യത്വത്തിന്റെ കണിക പോലുമില്ലാത്ത ഉദ്യോഗസ്ഥയുടെ ധാർഷ്ഠ്യം ആ ചെറുപ്പക്കാരനു മാത്രമല്ല കൂടെ വന്നവർക്കും തീരാ നൊന്പരമായി.
ഒടുവിൽ മരണത്തിന്റെ വാതിൽ കടന്ന് സുനീഷ് എന്ന സർക്കാർ ജോലിക്കാരനായ ചെറുപ്പക്കാരൻ പോയപ്പോൾ ആ ഉദ്യോഗസ്ഥർക്കെതിരേ ഒരു കൂട്ടം ചെറുപ്പക്കാർ നടത്തിയ സൈബർ പോരാട്ടം എത്തിയത് അവരുടെ സസ്പെൻഷനിൽ.
കട്ടപ്പന സബ് രജ്സ്ട്രാറായ ജി.ജയലക്ഷ്മിയെ ആണ് മന്ത്രി ജി.സുധാകരൻ ഗുരുതര കൃത്യവിലോപം കാട്ടിയതിന് സസ്പെൻഡ് ചെയ്തത്. കരുണാപുരം പഞ്ചായത്ത് ജീവനക്കാരനായിരുന്ന കട്ടപ്പന ചെറുശേരിൽ സുനീഷ് ജോസഫ് കാൻസർ ബാധിച്ച് കഴിഞ്ഞ ദിവസമാണ് മരിച്ചത്.
ഒരുവർഷം മുന്പാണ് കരുണാപുരം പഞ്ചായത്ത് ഓഫീസിൽ ഡ്രൈവറായി സുനീഷ് ജോലിയിൽ പ്രവേശിച്ചത്. ഓഫീസിൽ എല്ലാവർക്കും പ്രിയപ്പെട്ടവനായിരുന്നു സുനീഷ്. എന്നാൽ ഇതിനിടെയാണ് കാൻസർ സുനീഷിനെ കീഴടക്കിയത്. രോഗത്തിന്റെ തീവ്രതക്കിടയിലും ജോലി ചെയ്യാൻ സുനീഷ് ശ്രമിച്ചിരുന്നു.
രോഗം മൂർച്ഛിച്ചതോടെ തന്റെ അവസാന നാളുകൾ അടുത്തുവെന്ന് സുനീഷ് മനസിലാക്കിയിരുന്നു. ഇതോടെയാണ് താനില്ലാതാകുന്പോൾ കുടുംബത്തിനായി ഒന്നും നീക്കിവച്ചില്ലല്ലോയെന്ന സങ്കടം അലട്ടിയത്. ഇതോടെ കുടുംബത്തിന്റെ ഭാവിക്കായി ചില കാര്യങ്ങൾ ചെയ്യാൻ തീരുമാനിച്ചു.
കഴിഞ്ഞ ആറിന് കിടപ്പിലാണെങ്കിലും ഒരു ആംബുലൻസ് തയാറാക്കി കരുണാപുരം പഞ്ചായത്ത് പ്രസിഡന്റ് , സെക്രട്ടറി, ഹെഡ് ക്ലാർക്ക്, ചില ജീവനക്കാർ എന്നിവരെ കൂട്ടി സർവീസ് വെരിഫിക്കേഷൻ നടപടികൾ പൂർത്തീകരിക്കാനായി കട്ടപ്പനയിലുള്ള പിഎസ്സി ഓഫീസിലെത്തി.
സുനീഷിന്റെ അവസ്ഥ മനസിലാക്കിയ പിഎസ്സി അധികൃതർ ആംബുലൻസിലെത്തി തന്നെ നടപടികൾ പൂർത്തീകരിച്ചു നൽകി. പിന്നീടാണ് തന്നെ ചികിത്സിച്ച് തകർന്ന കുടുംബത്തിനായി ആകെയുള്ള ഒരു തുണ്ട് ഭൂമിയും വീടും കൂടി ഭാര്യയുടെ പേരിലേക്ക് മാറ്റാനായി നേരത്തേ തയാറാക്കി വച്ചിരുന്ന ആധാരവുമായി ആധാരം എഴുത്തുകാരനെയും കൂട്ടി ഇവർ രജ്സ്ട്രാർ ഓഫീസിലെത്തിയത്.
ഒഴിമുറി ആധാരം രജിസ്റ്റർ ചെയ്യാനായി രിജസ്ട്രാറോട് ജനപ്രതിനിധികളടങ്ങുന്ന സംഘം ആംബുലൻസിലേക്ക് വന്ന് നടപടി പൂർത്തീകരിക്കാമോ എന്നപേക്ഷിച്ചു. എന്നാൽ തന്റെ സീറ്റിനടുത്ത് എത്തിച്ചാൽ ആധാരം ചെയ്തു തരാമെന്ന് രജിസ്ട്രാർ മറുപടി നൽകുകയായിരുന്നു. അവസ്ഥ മനസിലാക്കിയപ്പോഴും ഇവർ നിലപാടു മാറ്റിയില്ല.
പിന്നീട് ഒപ്പമുണ്ടായിരുന്നവർ ഒരു കസേരയിൽ ഇരുത്തി സുനീഷിനെ രജിസ്ട്രാറിന്റെ മുന്നിലെത്തിച്ച് നടപടിക്രമങ്ങൾ പൂർത്തീകരിക്കുകയായിരുന്നു. മരിക്കുന്നതിന് മുന്പ് സുനീഷ് സൂഹൃത്തുക്കളോട് പങ്കുവച്ചതും ഈ സംഭവത്തിലെ ബാക്കിനിൽക്കുന്ന ദുഃഖമായിരുന്നു.
സുനീഷിന്റെ പിന്നാലെ സുഹൃത്തുക്കൾ സോഷ്യൽമീഡിയ വഴി സംഭവം പുറംലോകത്തെത്തിച്ചതോടെ രജിസ്ട്രാറിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. ഇതോടെയാണ് മന്ത്രി ജി.സുധാകരൻ ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്തത്.
ഇവരുടെ ഭാഗത്തു നിന്നുണ്ടായത് ഗുരുതരമായ വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടിയാണ് സസ്പെൻഷൻ.