കൂത്തുപറമ്പ്: വലിയ വെളിച്ചത്ത് കത്തിയ കാറിനു സമീപം തീ കത്തിക്കൊണ്ടിരിക്കുന്ന നിലയിൽ യുവാവിനെ കണ്ടെത്തി. തീ അണച്ച് ആശുപത്രിയിലെത്തിക്കുന്പോഴേക്കും മരിച്ചു. മാലൂർ മള്ളന്നൂർ സുഷമാലയത്തിൽ സുധീഷാണ് (37) മരിച്ചത്.
വലിയ വെളിച്ചത്ത് ചെങ്കൽ പണയായി പ്രവർത്തിക്കുന്ന സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് കത്തിയ നിലയിലുള്ള കാറും കത്തുന്ന നിലയിൽ യുവാവിനെയും കണ്ടെത്തിയത്.ഇന്നു രാവിലെ 6.45 ഓടെയാണ് സംഭവം പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്.
അപ്പോൾ യുവാവിന്റെ ശരീരം കത്തിക്കൊണ്ടിരിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഉടൻ സ്ഥലത്തെത്തിയ അഗ്നി രക്ഷാ സേനയെത്തി തീ അണച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പഴയ നിരത്തിൽ ജിപ്സം ബോർഡുകളും മറ്റും വിൽക്കുന്ന പി.ആർ. അസോസിയേറ്റ്സ് എന്ന കട നടത്തി വരികയായിരുന്നു ഇയാൾ.
ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് പറഞ്ഞു. അവിവാഹിതനാണ്. ബാലനാണ് പിതാവ്. വിവരമറിഞ്ഞ് തലശേരി ഡിവൈഎസ്പി സുരേഷ്, കണ്ണവം ഇൻസ്പെക്ടർ കെ.സുധീർ, എസ്ഐ അനീഷ് എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.