പടവരാട് (തൃശൂർ): കോവിഡ് സൃഷ്ടിച്ച സാന്പത്തിക പ്രതിസന്ധികളെ ഏതുവിധം അതിജീവിക്കാമെന്ന ചിന്തയിൽ ലോകം മുഴുകുന്പോൾ തോൽക്കാൻ മനസില്ലെന്നു പ്രഖ്യാപിച്ചു മിമിക്രി കലാകാരൻ മീൻ കച്ചവടത്തിലേക്കിറങ്ങി അതിജീവനത്തിനു മാതൃകയാകുന്നു.
മിമിക്രി കലാകാരനായ സുധീഷ് അഞ്ചേരിയും കൂട്ടുകാരുമാണ് കോവിഡും ലോക്ഡൗണും മൂലം ഉത്സവങ്ങളും ആഘോഷങ്ങളും നിലച്ചതോടെ വേദികൾ ഇല്ലാതായപ്പോൾ കല വിട്ട് കച്ചവടത്തിലേക്കു തിരിഞ്ഞിരിക്കുന്നത്.
നാടകവും സിനിമയും മിമിക്രിയുമടക്കമുള്ള കലകൾ ലോക്ഡൗണിൽ നിന്ന് അടുത്ത കാലത്തൊന്നും ഉയർത്തെഴുനേൽക്കില്ലെന്ന് ഉറപ്പായതോടെയാണ് ഇവർ വഴിമാറി നടന്നു തുടങ്ങിയത്. മിമിക്രിയുമായി നാടാകെ പര്യടനം നടത്തുന്പോഴും ഇവർ മീൻമാർക്കറ്റിൽ ജോലി ചെയ്തിരുന്നു.
രാവിലെ ആറു മുതൽ ഒന്പതുവരെ മീൻ മാർക്കറ്റിലായിരുന്നു പണി. അതു കഴിഞ്ഞാൽ മിഷ്യൻ ക്വാർട്ടേഴ്സ് സെന്റ് ജോസഫ്സിൽ ചിത്രകലാ അധ്യാപകന്റെ റോളിലായിരുന്നു. വൈകുന്നേരം മിമിക്രിയും കോമഡിസ്റ്റാർ പരിപാടികളും ശിങ്കാരിമേളവുമൊക്കെയായി മറ്റുവേഷത്തിൽ.
അതല്ലെങ്കിൽ കാറ്ററിംഗ് സർവീസുകാർക്കു വേണ്ടി വെജിറ്റബിൾ കാർവിംഗ് നടത്തും. കോവിഡും ലോക്ഡൗണും ഒരുമിച്ചെത്തി ഇതെല്ലാം അപ്പാടെ നിർത്തിച്ചപ്പോൾ സുധീഷിനും കൂട്ടുകാർക്കും ഇതിനെ അതിജീവിക്കാൻ തങ്ങളുടെ ആദ്യത്തെ തൊഴിലായ മീൻകച്ചവടത്തിലേക്കു തിരിഞ്ഞത്.
കൂട്ടുകാരായ സജീഷ്, ജീനോഷ്, പ്രിൻസ് എന്നിവരും സുധീഷിനൊപ്പം ചേർന്ന് പടവരാടും പുത്തൂരും രണ്ട് മീൻകടകൾ തുടങ്ങി. ഫോണിൽ വിളിച്ച് ഓർഡർ കൊടുത്താൽ ഫ്രഷ് മീൻ വൈകാതെ വീട്ടിലെത്തിക്കും ഇവർ.
പണ്ടത്തെ പണിക്കളമായ തൃശൂർ മീൻമാർക്കറ്റിൽ നിന്നാണു മീനെടുക്കുന്നത്. ആദ്യദിവസങ്ങളിൽ കിട്ടിയ നല്ല കച്ചവടം പ്രതീക്ഷ തരുന്നതാണെന്നും തരക്കേടില്ലാത്ത കച്ചവടം വരും ദിവസങ്ങളിലും ഉണ്ടാകുമെന്നും സുധീഷും കൂട്ടരും കരുതുന്നു.
മുനന്പത്തു നിന്നും കൂരിക്കുഴിയിൽ നിന്നും ഗുണമേൻമയുള്ള മീനെത്തിക്കാനാണ് ഇവരുടെ പരിപാടി. കോവിഡിനെ അതിജീവിച്ചു കല എന്നു തിരിച്ചെത്തുമെന്ന് ഉറപ്പില്ലാത്തതിനാൽ ഈ തൊഴിലുമായി മുന്നോട്ടുപോകാൻ തന്നെയാണു സുധീഷ് നിശ്ചയിച്ചിരിക്കുന്നത്.
രണ്ടു മലയാള സിനിമകളിലും ഒരു തമിഴ് സിനിമയിലും സുധീഷ് അഭിനയിച്ചു കഴിഞ്ഞു. തങ്ങളെ ആശ്രയിച്ചു കഴിയുന്ന വീട്ടുകാർക്കു ജീവിക്കാൻ വേണ്ടതു നൽകണമെന്നതുകൊണ്ട് മാന്യമായ തൊഴിലെടുത്തു കോവിഡ് പ്രതിസന്ധിയെ അതിജീവിക്കാനുള്ള വിജയകരമായ പാതയിലാണു സുധീഷും കൂട്ടരും.