ആലപ്പുഴ: ആറ്റിൽ നിന്നു മടവീണ പാടശേഖരത്തിലേക്ക് വെള്ളത്തിന്റെ കുത്തൊഴുക്കായിരുന്നു. റോഡിൽ അരയൊപ്പം വെള്ളത്തിൽ കൈകോർത്ത് നീങ്ങുന്പോൾ വെള്ളത്തിന്റെ ശക്തിമൂലം മുന്നോട്ട് പോകാൻ ഏറെ ബുദ്ധിമുട്ടനുഭവപ്പെട്ടു. പലപ്പോഴും ശക്തമായ ഒഴുക്ക് ഞങ്ങളെ കൊണ്ടുപോകുമെന്ന് ഭയപ്പെടുകയും ചെയ്തു.
ഞങ്ങൾ അഞ്ചുപേരും കൈകോർത്ത് പിടിച്ച് ഒരുപോലെ ഒഴുക്കിനെതിരെ നീന്തി. ഒരുമണിക്കൂറോളം കൊണ്ടാണ് കര പറ്റിയത്.മലവെള്ളം ഇരച്ചെത്തിയ ദിനത്തിൽ അമ്മയും കുഞ്ഞമ്മയും അനുജത്തിമാരുമായി രക്ഷപ്പെട്ട സമയത്തെക്കുറിച്ച് പ്ലസ് വണ് വിദ്യാർഥിയായ കഞ്ഞിപ്പാടം കളത്തിൽ സുരേഷിന്റെ മകൻ സുധീഷിന്റെ വാക്കുകളാണിത്.
പന്പാ നദിയുടെ കൈവഴിയായ പൂക്കൈതയാറിന് സമീപത്തെ റോഡിലൂടെ കഞ്ഞിപ്പാടം ബസ് സ്റ്റാൻഡിലേക്ക് ഇവർ 16ന് വൈകുന്നേരമാണ് യാത്ര തിരിച്ചത്. അതിനുമുന്പ് ജലനിരപ്പുയരുമെന്നും അതിനാൽ പ്രദേശവാസികൾ മാറണമെന്നുമുള്ള മുന്നറിയിപ്പ് നൽകാൻ സുധീഷ് കൂട്ടുകാർക്കൊപ്പം പ്രദേശത്തെ വീടുകളിലെത്തിയിരുന്നു. ജലനിരപ്പുയർന്നു തുടങ്ങിയതോടെയാണ് ഇവർ ബസ് ലഭിക്കാൻ സാധ്യതയുള്ള കഞ്ഞിപ്പാടത്തേക്ക് പൂക്കൈതയാറിന് സമീപത്തുള്ള റോഡിലൂടെ യാത്ര തിരിച്ചത്.
ഓരോ നിമിഷവും ഉയരുന്ന വെള്ളം ഭയപ്പെടുത്തിയെങ്കിലും അതിവേഗം കരയിലെത്താമെന്ന പ്രതീക്ഷയിൽ യാത്ര തുടരുകയായിരുന്നു. സാധാരണ രീതിയിൽ 15 മിനിട്ടുകൊണ്ട് എത്തിച്ചേരേണ്ട സ്ഥലത്ത് വെള്ളപ്പാച്ചിൽ മൂലം ഒരു മണിക്കൂറോളമെടുത്താണ് എത്തിയത്. കഞ്ഞിപ്പാടത്തെത്തി ബസിൽ നഗരത്തിലെത്തിയ ഇവർ പിന്നീട് ബന്ധുവീട്ടിൽ അഭയം തേടുകയായിരുന്നു.
ഇവർ യാത്ര പുറപ്പെട്ട് മണിക്കൂറുകൾക്കുള്ളിൽ കഞ്ഞിപ്പാടം പ്രദേശമൊന്നടങ്കം വെള്ളത്തിൽ മുങ്ങുകയും ചെയ്തു. വീടുകളിൽ കട്ടിള നിരപ്പോളം ജലം ഉയർന്ന സ്ഥിതിയായിരുന്നു. ഇന്നലെ ചിലർ സാഹസികമായി പ്രദേശത്തെത്തിയിരുന്നു. നിലവിൽ രണ്ടടിയോളം ജലനിരപ്പ് കുറഞ്ഞിട്ടുണ്ട്. ദിവസങ്ങൾക്കുള്ളിൽ ജലനിരപ്പ് താഴുമെന്ന പ്രതീക്ഷയിലാണ് ഇവർ.