അയർക്കുന്നം: അയർക്കുന്നത്തെ ദന്പതികളുടെ ദുരൂഹമരണത്തിനു പിന്നിൽ ഭർത്താവിന്റെ സംശയരോഗവും ഭാര്യയുടെ ഫോണ് വിളികളുമെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം.
അമയന്നൂർ ഇല്ലിമൂലയിൽ പതിക്കൽത്താഴെ പ്രഭാകരന്റെ മകൻ സുധീഷ് (40), ഭാര്യ ടിന്റു (34) എന്നിവരെയാണ് ഇന്നലെ രാവിലെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഭാര്യയെ കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്യുന്നതിനു മുന്പ് സുധീഷ് എഴുതിയതെന്നു കരുതുന്ന ആത്മഹത്യാക്കുറിപ്പും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ഇതിൽ ഭാര്യയെ സംശയിച്ചിരുന്നതു സംബന്ധിച്ചുള്ള വിവരങ്ങളുണ്ടായിരുന്നതായാണ് പുറത്തുവരുന്ന വിവരം.
ടിന്റുവിന്റെ ഫോണിലേക്കു നിരന്തരമായി എത്തിയ ഫോണ് കോളുകളാണ് ഇരുവരും തമ്മിലുള്ള പ്രശ്നത്തിനു കാരണമെന്നും ഇതായിരിക്കാം ടിന്റുവിന്റെ കൊലപാതകത്തിലേക്കു നയിച്ചതെന്നുമാണു പോലീസ് പറയുന്നത്.
മുന്പും ടിന്റുവിനു വരുന്ന ഫോണ് കോളുകളുടെ പേരിൽ സുധീഷ് പ്രശ്നമുണ്ടാക്കിയിരുന്നു. ഇരുവരും തമ്മിൽ മിക്കപ്പോഴും വളക്കിടാറുണ്ടായിരുന്നതായി അയൽപക്കത്തുള്ളവരും പറയുന്നു.
സുഹൃത്തിനെ ഫോണിൽ വിളിക്കരുതെന്നു സുധീഷ് ടിന്റുവിനെ വിലക്കിയിരുന്നു.
ഇതേച്ചൊല്ലിയുണ്ടായ തർക്കമാണു കൊലപാതകത്തിലും ആത്മഹത്യയിലേക്കും നയിച്ചതെന്നാണ് ആത്മഹത്യാക്കുറിപ്പിൽ എഴുതിയിരിക്കുന്നതെന്നു പോലീസ് നല്കുന്ന സൂചന.
മരിച്ച ടിന്റു സ്വകാര്യ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുകയായിരുന്നു. ഒന്നര മാസം മുന്പാണ് വിദേശത്ത് ജോലി ചെയ്തിരുന്ന സുധീഷ നാട്ടിൽ തിരിച്ചെത്തിയത്.
തുടർന്ന് ഇയാൾ വീടിനു ചുറ്റുമതിലും നിർമിക്കുകയും സിസിടിവി സ്ഥാപിക്കുകയും ചെയ്തിരുന്നു. 15നു ടിന്റുവിനെ വിദേശത്തേക്കു കൊണ്ടുപോകാനിരിക്കുകയായിരുന്നു സുധീഷ്.
യാത്രയുടെ ആവശ്യങ്ങൾക്കായി തിരുവനന്തപുരത്തേക്കു പോകുന്നതിനായി നാലു ദിവസം മുന്പ് അഞ്ചു വയസുകാരൻ ഏക മകൻ സിദ്ധാർത്ഥിനെ അമയന്നൂരിൽ കുടുംബ വീട്ടിലാക്കിയിരുന്നു.
തുടർന്ന് ഇരുവരും അയർക്കുന്നത്തെ വീട്ടിൽ എത്തി. പിന്നീടും ടിന്റുവിന്റെ ഫോണിലേക്കു നിരന്തരമായി സുഹൃത്തിന്റെ ഫോണ് കോൾ എത്തിയതാണ് പ്രശ്നം വഷളാക്കിയതെന്നു പോലീസ് പറയുന്നു.
ഇരുവരും തമ്മിലുണ്ടായ വഴക്കിനെ തുടർന്ന് സുധീഷ് ഷാൾ ഉപയോഗിച്ച് ടിന്റുവിന്റെ കഴുത്തിൽ മുറുക്കുകയായിരുന്നു.
തുടർന്ന് കിടക്ക മുഖത്ത് അമർത്തി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി. മരിച്ച ടിന്റുവിന്റെ മൃതദേഹം വസ്ത്രത്തിലും ബെഡ്ഷീറ്റിലും പൊതിഞ്ഞ് കട്ടിലിന് അടിയിൽ സൂക്ഷിച്ചതിനുശേഷം മരിക്കുന്നതിനായി കൈ ഞരന്പുകൾ സ്വയം മുറിച്ച ശേഷം സുധീഷ് കെട്ടിത്തൂങ്ങുകയായിരുന്നു.
ടിന്റു അയർക്കുന്നത്തെ സ്വകാര്യ ആശുപത്രി നഴ്സ് ആയി ജോലി ചെയ്യുകയായിരുന്നു. മണർകാട് വെള്ളിമഠത്തിൽ കുടുംബാംഗമാണ് ടിന്റു.