വടക്കഞ്ചേരി: സർക്കാർ സംവിധാനങ്ങളേയും വീട്ടുകാരേയും നാട്ടുകാരേയും രണ്ട് ദിവസം ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തി ആശങ്കപ്പെടുത്തിയ പുഴ ചാട്ടക്കാരൻ സുരക്ഷിതനായി വീട്ടിലെത്തി.കിഴക്കഞ്ചേരി മന്പാട് കാരപ്പാടം സുദേവ (56)നാണ് ഇന്നലെ രാത്രി ഏഴരയോടെ വീട്ടിലെത്തിയത്.
ഓട്ടോറിക്ഷയിലാണ് വീട്ടിലെത്തിയതെന്ന് പറയുന്നു. എവിടെ നിന്നാണ് ഓട്ടോ വിളിച്ചതെന്നും വ്യക്തമാക്കിയിട്ടില്ല. പുഴയിൽ ചാടിയതിനു ശേഷമുള്ള കാര്യങ്ങൾ ഓർമ്മയില്ലെന്നും പറയുന്നുണ്ട്. രണ്ട് ദിവസം ഭക്ഷണം കഴിക്കാത്തതിന്റെ ക്ഷീണമല്ലാതെ മറ്റു മുറിവുകളോ ചതവുകളോ ഇല്ലെന്ന് വീട്ടിൽ സുദേവനെ കാണാനെത്തിയ പോലീസ് പറഞ്ഞു.
പുഴയിൽ ചാടി ഒഴുകി പോയി എട്ട് കിലോമീറ്റർ ഒഴുകി മംഗലം പാലം കടന്നുള്ള പാടത്ത് കയറി കിടന്നെന്നാണ് സുദേവൻ പറയുന്നത്. എന്നാൽ ഇത് എല്ലാവരുംവിശ്വസിച്ചിട്ടില്ല. രാത്രിയിൽ ഇത്രയും ദൂരം ശക്തമായ കലക്ക് വെള്ളത്തിലൂടെ ഒഴുകി പോയി രക്ഷപ്പെട്ടെന്നത് അവിശ്വസനീയമാന്നെന്ന് നാട്ടുകാരും പറയുന്നു.
സുദേവനെ പുഴയിൽ കാണാതെ രണ്ട് ദിവസം രാപകലില്ലാതെ തെരച്ചിൽ നടത്തിയവരും കാണാതായ വിവരമറിഞ്ഞു് സ്ഥലത്തെത്തിയവരെല്ലാം ഇന്നലെ രാത്രി സുദേവനെ കാണാൻ ഒഴുകിയെത്തുകയായിരുന്നു.ബുധനാഴ്ച രാത്രി ഒന്പതരയോടെയാണ് വീട്ടുകാരുമായി വഴക്കിട്ട് പിണങ്ങിയ സുദേവൻ കളവപ്പാടം കൂട്ടിലമുക്ക് ഭാഗത്ത് പുഴയിൽ ചാടിയത്.
അന്ന് രാത്രിയിലും വ്യാഴാഴ്ചയും ഇന്നലെ സുദേവൻ വീട്ടിലെത്തുന്നതു വരേയും ഫയർഫോഴ്സും നാട്ടുക്കാരും തെരച്ചിലിലായിരുന്നു.വ്യാഴാഴ്ച തഹസിൽദാർ സ്ഥലത്തെത്തിയും തെരച്ചിൽ നടത്തുകയുണ്ടായി.എന്തായാലും കൈവിട്ടു പോയെന്ന് കരുതിയ സുദേവൻ തിരിച്ചെത്തിയതോടെ വീട്ടുകാർക്കൊപ്പം നാട്ടുകാർക്കും വലിയ ആശ്വാസമായി.