അങ്കമാലി: ജോലിക്കിടെ കണ്ണില്‍ തുളച്ച ഇരുമ്പ് പിന്നുമായി ഒരു മാസത്തോളം ഒമാനിലെ സലാലയില്‍ വേദനകൊണ്ട് പുളഞ്ഞ കോഴിക്കോട് സ്വദേശി സുധിയെ (42 ) നേത്ര ശസ്ത്രക്രിയയ്ക്കായി അങ്കമാലി എൽഎഫ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം ഒമാനില്‍നിന്ന് നെടുമ്പാശേരിയിലിറങ്ങിയ സുധിയെ നേരെ എല്‍എഫ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
സലാലയില്‍ ഫര്‍ണീച്ചര്‍ വര്‍ക്ക് ഷോപ്പില്‍ ജോലിക്കിടെ കഴിഞ്ഞ ഏപ്രില്‍ അഞ്ചിനാണ് കണ്ണില്‍ ഇരുമ്പ് പിന്ന് തെറിച്ചു കൊണ്ടത്. പിന്ന് റെറ്റിനയുടെ അടുത്തു വരെയത്തെി. തൊട്ടടുത്ത ഹോസ്പിറ്റലില്‍ നടത്തിയ സിടി സ്കാനില്‍ മുറിവ് ആഴത്തിലായതിനാല്‍ വിദഗ്ധ ചികിത്സ നിര്‍ദേശിച്ചു.
അന്നു മുതല്‍ സുധി നാട്ടിലെത്താനുള്ള തയാറെടുപ്പ് ആരംഭിച്ചതാണ്. മസ്കറ്റ് എംബസിയില്‍ പേരും രജിസ്റ്റര്‍ ചെയ്തു. യാത്രാ നിയന്ത്രണം ഉള്ളതിനാൽ 1000 കിലോമീറ്റർ അകലെയുള്ള വിമാനത്താവളത്തിൽ എത്താൻ മാർഗമില്ലാതായി. അതോടെ കെഎംസിസി ഇടപെടുകയും മസ്കറ്റ് എംബസിയുമായി ബന്ധപ്പെടുകയും ചെയ്തു.
എംബസിയിലെ കണ്ണന് നായരുടെ സഹായത്താൽ ആദ്യ ഘട്ടത്തില്‍ തന്നെ നാട്ടിലേക്ക് മടങ്ങാന്‍ അവസരം ലഭിച്ചു. അതിനിടെ ശസ്ത്രക്രിയ സംബന്ധിച്ച് അങ്കമാലി എൽഎഫ് ആശുപത്രിയുമായി ബന്ധപ്പെടുകയും ചെയ്തു.
സുധി ജോലി ചെയ്യുന്ന കമ്പനിയായിരുന്നു യാത്രാ ചെലവുകളും മറ്റും വഹിച്ചത്. കഴിഞ്ഞ ദിവസം രാത്രി നെടുമ്പാശേരിയില്‍ വിമാനമിറങ്ങിയ സുധി കോവിഡുമായി ബന്ധപ്പെട്ട പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം എൽഎഫില്‍ അഡ്മിറ്റാവുകയായിരുന്നു.
തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച സുധിയെ നേത്രരോഗ വിദ്ഗധന് പ്രാഥമിക പരിശോധന നടത്തി. സ്രവ പരിശോധനാ ഫലം ലഭിച്ച ശേഷം ശസ്ത്രക്രിയ നടത്തുമെന്ന് എൽഎഫ് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.