കോട്ടയം: വീടെന്ന സ്വപ്നം ബാക്കിയാക്കിയാണു കൊല്ലം സുധി വിടപറയുന്നത്. വേദികളില്‍ ആസ്വാദകരെ നിറയെചിരിപ്പിക്കുമ്പോഴും ഉള്ളില്‍ നീറുന്ന നിരവധി ദുഃഖങ്ങളാണു സുധിയെ പിന്തുടര്ന്നിരുന്നത്.
സുധി താമസിച്ചിരുന്നത് വാകത്താനം ഞാലിയാകുഴിയ്ക്കുസമീപം പൊങ്ങന്താനത്തെ വാടക വീട്ടില്‍ ഭാര്യയ്ക്കും കുട്ടികള്‍ക്കും ഭാര്യയുടെ മാതാപിതാക്കള്‍ക്കുമൊപ്പമായിരുന്നു.
സ്വന്തമായി വീടെന്ന സ്വപ്നത്തിനായി നാളുകളായി നെട്ടോട്ടത്തിലായിരുന്നു സുധി. ഇതിനായി പ്രദേശത്തും അന്വേഷണം നടത്തിവരുന്നതിനിടെയാണ് അപകടം ജീവന് കവര്‍ന്നത്.
ആറു വര്‍ഷമായി വാകത്താനം പൊങ്ങന്താനത്ത് സ്ഥിരതാമസമായിരുന്നു സുധിയും കുടുംബവും. ജനിച്ചത് കൊല്ലത്ത് ആണെങ്കിലും സുധി സ്ഥിരതാമസമാക്കിയത് പൊങ്ങന്താനത്തായിരുന്നു.
വടകരയില്‍ ഫ്ളവേഴ്സ് 24 ചാനലിന്റെ കണക്ട് കേരള പരിപാടിയില്‍ പങ്കെടുക്കാന്‍ ഞായറാഴ്ച രാവിലെയാണ് സുധി വീട്ടില്‍നിന്നു പോയത്. ഭാര്യയുടെ സഹോദരി ഭര്‍ത്താവ് ലിബുവാണു വാഹനത്തില്‍ കോട്ടയത്ത് എത്തിച്ചത്.
ഇന്നലെ പുലര്‍ച്ചെ സുധി വരുന്നതു കാത്തിരുന്ന ഭാര്യയും മക്കളും അറിയുന്നതു വിയോഗ വാര്‍ത്തയും. തിരക്കില്ലാത്ത ദിവസങ്ങളില്‍ ഞാലിയാകുഴിയില്‍ എത്തിയിരുന്ന സുധി നാട്ടുകാര്‍ക്കൊപ്പം കുശലം പറയുന്നതും സെല്‍ഫിയെടുക്കുന്നതും പതിവായിരുന്നു.
വാകത്താനത്ത് എത്തിയശേഷം കോവിഡ് ഇടവേളയൊഴിച്ച് സ്വദേശത്തും വിദേശത്തുമായി പരിപാടികളുടെ തിരക്കിലായിരുന്നു സുധിയെന്ന് ബന്ധുക്കള്‍ പറയുന്നു.
സുധിയുടെ മൃതദേഹം ഇന്നു രാവിലെ ഒമ്പതിനു മകന് പഠിക്കുന്ന പൊങ്ങന്താനത്തെ സ്കൂളില്‍ പൊതുദര്‍ശനത്തിനു വയ്ക്കും.തുടര്‍ന്നു 10 മുതല്‍ വാകത്താനം പഞ്ചായത്ത് ഹാളില്‍ പൊതുദര്‍ശനം.
ഇവിടെ, ശുശ്രൂഷകള്‍ക്കുശേഷം ഉച്ചയ്ക്ക് ഒന്നിനു തോട്ടയ്ക്കാട് ആംഗ്ലിക്കന്‍ റീഫോംഡ് പള്ളിയില്‍ സംസ്കാരം നടക്കും. ഭാര്യ: രേഷ്മ. മക്കള്‍: രാഹുല്‍, ഋതുല്‍.