ഗോള്‍ഡ്കോസ്റ്റ്(ഓസ്ട്രേലിയ): സുദിര്‍മാന്‍ കപ്പ് ബാഡ്മിന്റണില്‍ ഇന്ത്യ ഉജ്വല ജയത്തോടെ തുടങ്ങി. നിലവിലെ ചാമ്പ്യന്മാരായ ഇന്തോനേഷ്യയെ 4-1നാണ് പി.പി. സിന്ധു അടങ്ങിയ ഇന്ത്യന്‍ ടീം കെട്ടുകെട്ടിച്ചത്. ആദ്യ റൗണ്ടില്‍ ഡെന്മാര്ക്കിനോട് 1-4നു തോറ്റ ഇന്ത്യ രണ്ടാം പോരാട്ടങ്ങളില്‍ ഉജ്വല പ്രകടനമാണ് പുറത്തെടുത്തത്.
കെ. ശ്രീകാന്ത്, പി.വി. സിന്ധു എന്നിവര്‍ സിംഗിള്‍സിലും അശ്വിനി പൊന്നപ്പ ഉള്‍പ്പെട്ട ടീം വനിതാ ഡബിള്‍സിലും മിക്സഡ് ഡബിള്‍സിലും വിജയിച്ചു. സിക്കി റെഡ്ഡിക്കൊപ്പമാണ് അശ്വിനി ഡബിള്സിനിറങ്ങിയത്. ഇന്നു നടക്കുന്ന ഇന്തോനേഷ്യ, ഡെന്മാര്ക്ക് പോരാട്ടത്തിനു ശേഷമേ ഇന്ത്യ നോക്കൗട്ട് ഘട്ടത്തില്‍ കടക്കുമോ എന്നറിയാന്‍ സാധിക്കൂ. ഡെന്മാര്ക്ക് ജയിച്ചാല്‍ ഇന്ത്യയും ഡെന്മാര്ക്കും നോക്കൗട്ടിലെത്തും.
മുന്‍ ലോക ഒന്നാം നമ്പര്‍ താരം ശ്രീകാന്ത് ജൊനാഥന് ക്രിസ്റ്റിയെ 21-15, 21-16നു പരാജയപ്പെടുത്തിയപ്പോള്‍ ഒളിമ്പിക് വെള്ളി മെഡല്‍ ജേതാവ് പി.വി. സിന്ധു ഫിട്രിയാനിയെ 21-9, 21-19നു പരാജയപ്പെടുത്തി. അശ്വിനി- സിക്കി റെഡ്ഡി സഖ്യം ഡെല്ല ഡെസ്റ്റാറിയ- റോസിറ്റ സഖ്യത്തെ 21-12, 21-19നു പരാജയപ്പെടുത്തി.