സ്വന്തം ലേഖകൻ
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരേയുള്ള കോൺഗ്രസ് നേതാവ് കെ.സുധാകരന്റെ പ്രസ്താവന വിവാദമായതിനു പിന്നിൽ കണ്ണൂരിലെ കോൺഗ്രസിന്റെ മറ്റൊരു ഗ്രൂപ്പ്.
എ ഗ്രൂപ്പിൽ നിന്നുള്ള മറ്റൊരു ഗ്രൂപ്പാണ് സുധാകരനെ വിവാദത്തിലേക്ക് വലിച്ചിഴച്ചതിനു പിന്നിൽ. തലശേരിയിൽ നടത്തിയ പ്രസംഗത്തിൽ മുഖ്യമന്ത്രിയെ “ചെത്തുകാരന്റെ മകൻ’ എന്നു കെ.സുധാകരൻ വിശേഷിപ്പിച്ചതിനെതിരേ കോൺഗ്രസ് നേതാക്കൾ രംഗത്ത് വന്നിരുന്നു.
കോൺഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാനാണ് സുധാകരന്റെ പ്രസ്താവനയ്ക്കെതിരേ രംഗത്ത് വന്നത്. കണ്ണൂരിലെ ഈ ഗ്രൂപ്പിലെ സജീവ പ്രവർത്തകയാണ് ഷാനിമോൾ ഉസ്മാൻ.
കെപിസിസി പ്രസിഡന്റ് പദവി സ്ഥാനത്തേക്ക് സുധാകരന്റെ പേര് നിർദേശിച്ചപ്പോഴും കണ്ണൂരിലെ ഈ ഗ്രൂപ്പ് തടയിട്ടിരുന്നു. തന്റെ കെപിസിസി പ്രസിഡന്റ് പദവി തടഞ്ഞതിന് പിന്നിൽ ആരാണെന്ന് അറിയാമെന്ന് സുധാകരൻ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.
തന്റെ പ്രസംഗം വളച്ചൊടിച്ച് വിവാദമാക്കിയവർ തന്നെയാണ് തന്റെ കെപിസിസി പ്രസിഡന്റ് പദവി തടയുന്നതെന്നും സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. രണ്ടു ദിവസത്തിനകം തെളിവ് സഹിതം ഇതു പുറത്തുവിടുമെന്നും സുധാകരൻ വെളിപ്പെടുത്തിയിരുന്നു.
കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് സുധാകരനെ പരിഗണിച്ചപ്പോൾ തന്നെ ഈ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ശബ്ദ സന്ദേശം ഉൾപ്പെടെ നിരവധി തെളിവുകൾ കോൺഗ്രസ് അഖിലേന്ത്യാ നേതൃത്വത്തിന് കൈമാറിയതായാണ് സൂചന.
സുധാകരന്റെ പ്രസ്താവനയെ ന്യായീകരിക്കാൻ കണ്ണൂരിൽ നിന്നുള്ള നേതാക്കൾ ആരും തന്നെ വരാത്തതും ശ്രദ്ധേയമാണ്.