ന്യൂഡൽഹി: മിശ്രവിവാഹിതരായ ദന്പതികൾക്കു പാസ്പോർട്ട് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് വിവാദത്തിൽ ശക്തമായ നടപടി സ്വീകരിച്ചതിന്റെ പേരിൽ വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെതിരായ ട്വിറ്റർ ആക്രമണം തുടരുകയാണ്. തുടർച്ചയായി ആക്രമിക്കുന്നവരെ മന്ത്രി ട്വിറ്ററിൽ ബ്ലോക്ക് ചെയ്യുന്നുമുണ്ട്.
ഇതിനിടെയാണ് സോനം മഹാജൻ എന്ന ട്വിറ്റർ ഹാൻഡിലിൽനിന്നു സുഷമയ്ക്കെതിരായ പരിഹാസമെത്തിയത്. ഒരിക്കൽ താൻ സുഷമ സ്വരാജിന്റെ ആരാധികയായിരുന്നെന്നും മന്ത്രിക്കെതിരായ ആക്രമണങ്ങളെ പ്രതിരോധിച്ചിരുന്നെന്നും പറഞ്ഞ് തുടങ്ങിയ സോനം, തന്നെ ട്വിറ്ററിൽ ബ്ലോക്ക് ചെയ്യാൻ കാത്തിരിക്കുകയാണെന്നു പറഞ്ഞു. ഉടൻതന്നെ മന്ത്രിയുടെ മറുപടിയെത്തി.
“എന്തിനു കാത്തിരിക്കുന്നു. ബ്ലോക്ക് ചെയ്തുകഴിഞ്ഞു’ എന്നായിരുന്നു വിദേശകാര്യമന്ത്രിയുടെ ട്വീറ്റ്. ചിലർ മന്ത്രിയുടെ നടപടിയെ പ്രശംസിക്കുന്പോൾ അഭിപ്രാസ്വാതന്ത്ര്യത്തെ മന്ത്രി വിലക്കിയെന്നായിരുന്നു ചിലരുടെ വിമർശനം.
സമൂഹമാധ്യമങ്ങളിലെ പരാമർശങ്ങൾ അതിരുവിട്ടതിനെത്തുടർന്ന് അതിന്റെ ശരിതെറ്റുകൾ കണ്ടെത്താനായി വിദേശകാര്യമന്ത്രിതന്നെ ട്വിറ്ററിലൂടെ അഭിപ്രായവോട്ടെടുപ്പ് നടത്തിയിരുന്നു. 43 ശതമാനം പേർ അഭിപ്രായം പറയണമെന്ന നിലപാടെടുത്തപ്പോൾ 57 ശതമാനം പേർ ഇത്തരം അഭിപ്രായസ്വാതന്ത്ര്യത്തെ എതിർത്തു.
ജനാധിപത്യസംവിധാനത്തിൽ വ്യത്യസ്ത അഭിപ്രായങ്ങൾ സ്വാഭാവികമാണെങ്കിലും വിമർശനങ്ങൾ സഭ്യമായ ഭാഷയിലായിരിക്കണമെന്നു പറഞ്ഞായിരുന്നു ഇതിനോട് സുഷമ സ്വരാജ് പ്രതികരിച്ചത്.
ആക്രമണം ഒരാഴ്ചയായി തുടരുന്പോഴും മന്ത്രിക്കു പിന്തുണയുമായി ബിജെപിയിൽനിന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് മാത്രമാണു രംഗത്തെത്തിയത്. മറ്റ് നേതാക്കളെല്ലാം വിഷയത്തിൽ മൗനം തുടരുകയാണ്.