നിശാന്ത് ഘോഷ്
കണ്ണൂർ: കെപിസിസി പ്രസിഡന്റായി നിയോഗിക്കപ്പെട്ട കെ. സുധാകരന് പുതിയ ഗ്രൂപ്പ് സമവാക്യവും മുതിർന്ന നേതാക്കളിലുള്ള അതൃപ്തിയും വെല്ലുവിളിയാകും.
ഗ്രൂപ്പുകൾക്കതീതമായി പുതിയ കെപിസിസി പ്രസിഡന്റിനെ എല്ലാ നേതാക്കളും സ്വാഗതം ചെയ്തിട്ടുണ്ടെങ്കിലും കോൺഗ്രസ് രാഷ്ട്രീയം കൃത്യമായി അറിയുന്ന സുധാകരന് ഈ സ്വാഗതം ചെയ്യൽ കേവലം ഔപചാരികത മാത്രമാണെന്ന് വ്യക്തമായി അറിയാം.
അതുകൊണ്ടുതന്നെ കരുതലോടെയായിരിക്കും സുധാകരന്റെ തുടർപ്രവർത്തനം. ദേശീയരാഷ്ട്രീയത്തോടൊപ്പം കേരളവും കോണ്‍ഗ്രസിനെ മാറ്റിനിര്‍ത്തിയ രാഷ്ട്രീയ സാഹചര്യത്തിലാണ് സുധാകരന് കെപിസിസി പ്രസിഡന്റാകുന്നത്.
ദുര്‍ബലമായ സംഘടനാസംവിധാനത്താലും ഗ്രൂപ്പിസംകൊണ്ടും തകർന്നടിഞ്ഞ കോൺഗ്രസിന്റെ പുനരുജ്ജീവനമെന്ന വലിയ ചുമതലയാണ് സുധാകരന്റെ ചുമലിലിപ്പോഴുള്ളത്.
അതുകൊണ്ടുതന്നെ എല്ലാ നേതാക്കളെയും കൂട്ടിയിണക്കേണ്ടതിന്റെ ആവശ്യകതയും സുധാകരന് കൃത്യമായി അറിയാം. എന്നാൽ ഇക്കാര്യത്തിൽ എത്രത്തോളം സുധാകരൻ വിജയിക്കുമെന്നാണ് രാഷ്ട്രീയകേരളം ഉറ്റുനോക്കുന്നത്.
നേരത്തെയും കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് സുധാകരന്റെ പേര് പരിഗണിച്ചിരുന്നെങ്കിലും പാർട്ടിയിലെ ചില ഗ്രൂപ്പ് നേതാക്കൾ ഹൈക്കമാൻഡിലും രാഹുൽ ഗാന്ധിയിലും സ്വാധീനം ചെലുത്തിയതിനെ തുടർന്ന് തഴയപ്പെടുകയായിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിനു ശേഷം മുല്ലപ്പള്ളി രാമചന്ദ്രൻ രാജിസന്നദ്ധത അറിയിച്ചതോടെ പകരക്കാരൻ ആര് എന്ന കാര്യത്തിൽ ഹൈക്കമാൻഡിനും ആശയക്കുഴപ്പമുണ്ടായിരുന്നു.
നിയമസഭയിൽ പുതുതലമുറ പ്രതിപക്ഷ നേതാവും പാർട്ടിയെ നയിക്കാൻ പുതുമുഖവും വേണമെന്ന ആവശ്യവും പുതുതലമുറക്കാരായ നേതാക്കൾ ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടിരുന്നു.
ഇതുപ്രകാരം വി.ഡി. സതീശനെ പ്രതിപക്ഷനേതാവാക്കാൻ ഹൈക്കമാൻഡ് തീരുമാനിച്ചെങ്കിലും കെപിസിസി പ്രസിഡന്റിന്റെ കാര്യത്തിൽ തീരുമാനമെടുക്കുന്നത് പിന്നെയും നീണ്ടു.
കഴിഞ്ഞ നിയമസഭയിലെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെ ഇത്തവണ ഹൈക്കമാൻഡ് ഏകപക്ഷീയമായി മാറ്റിനിർത്തിയ നിലപാടിൽ പ്രതിഷേധിച്ച് എ, ഐ ഗ്രൂപ്പ് നേതാക്കളായ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും പുതിയ കെപിസിസി പ്രസിഡന്റിന്റെ പേര് ഹൈക്കമാൻഡിന് നിർദേശിക്കാതെ മാറിനിന്നതും പ്രതിസന്ധിക്കിടയാക്കിയിരുന്നു.
പ്രതിപക്ഷനേതാവ്, കെപിസിസി പ്രസിഡന്റ് എന്നീ നിയമനങ്ങളുമായി ബന്ധപ്പെട്ട് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി, കെ.സി. വേണുഗോപാല്‍ ത്രയങ്ങളുടെ ഒത്തുചേരൽ പാർട്ടിക്കുള്ളിലുണ്ടായേക്കും.
ഇവരെ മറികടന്ന് സംഘടനാപ്രവര്‍ത്തനവുമായി മുന്നോട്ടുപോകുകയെന്നതാണ് സുധാകരന് മുന്നിലുള്ള വെല്ലുവിളി.
കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ജില്ലയില്‍ കെ.സി. വേണുഗോപാല്‍ ഏകപക്ഷീയമായി സ്ഥാനാര്‍ഥികളെ നിര്‍ണയിച്ചതില്‍ സുധാകരന് പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
തെരഞ്ഞെടുപ്പ് പരാജയത്തിനുശേഷവും കെ.സി. വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള നേതാക്കളോടുള്ള നിലപാട് സുധാകരന് മാറ്റിയിരുന്നില്ല. പരാജയത്തിനു കാരണം സ്ഥാനാര്‍ഥി നിര്ണയമാണെന്ന നിലപാട് സുധാകരന് പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
കണ്ണൂർ സ്വദേശിയായ ആദ്യ കെപിസിസി പ്രസിഡന്റ്
കണ്ണൂര്‍: കെ. സുധാകരനിലൂടെ കണ്ണൂരിന് ലഭിക്കുന്നത് ആദ്യത്തെ കെപിസിസി പ്രസിഡന്റ് സ്ഥാനം. കണ്ണൂരില്‍നിന്ന് പ്രമുഖരായ നിരവധി നേതാക്കള്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന നേതൃതലത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
എന്നാല്‍ അവരൊന്നും കെപിസിസിയെ നയിക്കാന്‍ നിയോഗിക്കപ്പെട്ടിട്ടില്ല. കണ്ണൂരില്‍ ജനിച്ച് മുഖ്യമന്ത്രിയായും കേന്ദ്രമന്ത്രിയായും കോണ്‍ഗ്രസിന്റെ ദേശീയ രാഷ്ട്രീയംവരെ കെ. കരുണാകരന് നിയന്ത്രിച്ചിരുന്നെങ്കിലും കെപിസിസി പ്രസിഡന്റായില്ല.
കെപിസിസി ജനറൽ സെക്രട്ടറി, വര്‍ക്കിംഗ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചതിനുശേഷമാണ് കെ. സുധാകരന് പ്രസിഡന്റ് പദത്തിലെത്തുന്നത്.
അതേസമയം കണ്ണൂർ സിപിഎമ്മിന് നാല് സംസ്ഥാന സെക്രട്ടറിമാരെ സംഭാവന ചെയ്തിട്ടുണ്ട്. ഇ.കെ. നായനാര്‍, ചടയന്‍ ഗോവിന്ദന്, പിണറായി വിജയന്, കോടിയേരി ബാലകൃഷ്ണന് എന്നിവരാണ് സിപിഎമ്മിന്റെ സംസ്ഥാനസെക്രട്ടറിമാരായ കണ്ണൂർ സ്വദേശികൾ. ഇതിൽ നായനാർ, പിണറായി വിജയൻ എന്നിവർ മുഖ്യമന്ത്രിമാരുമായി.