മലയാളികളുടെ സ്വന്തം സുഡുമോന് മടങ്ങിവരുന്നു. സുഡാനി ഫ്രം നൈജീരിയ എന്ന ഒറ്റ ചിത്രത്തിലൂടെത്തന്നെ മലയാളികളുടെ മനസില്‍ ഇടം നേടിയ നൈജീരന്‍ താരം സാമുവല്‍ അബിയോള ജോണ്സണ് മലയാളികള്‍ക്ക് സുഡുമോനാണ്. ‘പര്‍പ്പിള്‍’ എന്ന ചിത്രത്തിലൂടെയാണ് സാമുവലിന്റെ രണ്ടാം വരവ്. ഇത്തവണ വില്ലനായാണ് സാമുവലിന്റെ വരവ്.
സാമുവല്‍ തന്നെയാണ് ഫെയ്സ്ബുക്ക് പേജിലൂടെ ഈ വിവരം തന്റെ ആരാധകരെ അറിയിച്ചിരിക്കുന്നത്. ‘കാഞ്ചനമാല കേബിള്‍ ടിവി’ എന്ന തെലുങ്കു ചിത്രത്തിന്റെ സംവിധായകനായ പാര്‍ത്ഥസാരഥിയാണ് ‘പര്‍പ്പിള്‍’ ഒരുക്കുന്നത്.
നിര്‍മ്മാണം രതീഷ് നായരാണ്. വിഷ്ണു വിനയന്, മറിന മൈക്കിള്‍, വിഷ്ണു ഗോവിന്ദ്, നിഹാരിക, ഋഷി പ്രകാശ് എന്നിവരാണ് സിനിമയിലെ മറ്റു താരങ്ങള്‍. ‘പര്‍പ്പിള്‍’ ഒരു ക്യാംപസ് ചിത്രമാണ്.
പ്രളയദുരിതത്തില്‍ പെട്ട കേരളത്തെ സഹായിക്കണമെന്നാവശ്യപ്പെട്ട് സാമുവല്‍ കഴിഞ്ഞ ദിവസം ഒരു വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.മികച്ച പ്രതികരണമാണ് വീഡിയോയ്ക്ക് ലഭിച്ചതെന്ന് ഈദ് ആശംസകള്‍ക്കൊപ്പമുള്ള തന്റെ കുറിപ്പില്‍ സാമുവല്‍ പറഞ്ഞു. ‘കേരളത്തെ സഹായിക്കാനുള്ള നിങ്ങളുടെ സംഭാവനകള്‍ക്ക് നന്ദി. വലിയ ശക്തിയും മനുഷ്യത്വവുമാണ് മലയാളികള്‍ കാട്ടിയത്.
ജീവിതത്തിന്റെ നാനാ തുറകളില്‍ നിന്നുള്ളവര്‍ ഒത്തു ചേര്‍ന്ന് പ്രളയത്തില്‍ പെട്ട് പോയവരെ സഹായിക്കാന്‍ മുന്നോട്ട് വന്ന മനോഹരമായ കാഴ്ച കേരളത്തില്‍ ഇല്ലെങ്കിലും കാണുകയും കേള്‍ക്കുകയും ചെയ്യാന്‍ സാധിച്ചു.
എന്റെ ഫേസ്ബുക്ക് വീഡിയോ അര മില്ല്യന്‍ ആളുകള്‍ കണ്ടു എന്നും അത് മൂലം കേരളത്തിന് കുറച്ചു സഹായം ചെയ്യാന്‍ കഴിഞ്ഞു എന്ന് തിരിച്ചറിഞ്ഞ നിമിഷം എന്റെ മുഖം ഇങ്ങനെയായിരുന്നു. ദൂരയാണെങ്കിലും എന്നാല്‍ കഴിയുന്ന വിധം കേരളത്തെ സഹായിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. കേരളത്തെ വീണ്ടും പഴയ ശോഭയിലേക്ക് എത്തിക്കാന്‍ നിങ്ങളും കൈകൊര്‍ത്ത് സഹായിക്കൂ’, സാമുവല്‍ എഴുതി.