തൃശൂർ: കോർപറേഷൻ കൗണ്‍സിലർ ജോണ്‍ ഡാനിയലിനു രാവിലെ പതിനൊന്നോടെ ഒരു ഫോണ്‍കോൾ. എത്രയും വേഗം ദേശമംഗലത്തു സുഫൈലിന്റെ വീട്ടിലെത്തണം. കുറച്ചു പണവും ഭക്ഷണ കിറ്റുകളും കരുതണം.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി വിളിച്ചാൽ പിന്നെ ഒന്നും ആലോചിക്കാനില്ല. ഏതെങ്കിലും പാവപ്പെട്ടവരായിരിക്കും വിളിച്ചിട്ടുണ്ടാകുക. ഒരു മാസത്തേക്കുള്ള ഭക്ഷണസാധനങ്ങളും പച്ചക്കറികളുമൊക്കെയായി ദേശമംഗലത്തെത്തി.
പള്ളത്ത് സുഫൈലിന്റെ വീട്ടിലെത്തിയപ്പോഴാണ് ലോക്ക്ഡൗണ്‍ കാലത്ത് ആരുടെയും സഹായമില്ലാതെ കഴിയുന്ന കുടുംബത്തിന്റെ ദയനീയാവസ്ഥ ബോധ്യമായത്.
28 വയസായ സുഫൈലിനു കാഴ്ചശക്തിയില്ല. സുഫൈ ലിന്റെ ഭാര്യയ്ക്കും അനിയത്തി അഞ്ജനയ്ക്കും കാഴ്ചയില്ല. സുഫൈലിനു നേരത്തെയുണ്ടായിരുന്ന ജോലി നഷ്ടപ്പെട്ടു.
ആരോരും സഹായത്തിനില്ലാതെ കഴിയുന്ന ഇവർ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്തെ ജനസന്പർക്ക പരിപാടിയിലെ പരിചയം വച്ചാണ് നേരിട്ടുവിളിക്കാൻ തീരുമാനിച്ചത്.
സുഫൈലിന്റെ എല്ലാ സങ്കടങ്ങളും കേട്ട ഉമ്മൻചാണ്ടി ഉടൻതന്നെ തൃശൂരിലുള്ള ഡിസിസി ജനറൽ സെക്രട്ടറി കൂടിയായ ജോണ്‍ ഡാനിയലിനെ വിളിച്ചു വിവരം പറഞ്ഞു. വിളിച്ചു മണിക്കൂറുകൾക്കുള്ളിൽ സഹായം വീട്ടിലെത്തിയപ്പോൾ സുഫൈലിനു സന്തോഷം അടക്കാനായില്ല.
ദേശമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം സലിം, പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളായ പി.ഐ. ഷാ നവാസ്, കെ. പ്രേമൻ, കെഎസ് യു ജില്ലാ സെക്രട്ടറി വി.എസ്. ഡേവിഡ്, പ്രഭുദാസ് പാണേങ്ങാടൻ എന്നിവരും ഒപ്പമുണ്ടാ യിരുന്നു. ഉമ്മൻചാണ്ടിയോട് സുഫൈൽ ഇവരുടെ സാന്നിധ്യത്തിൽ നന്ദി അറിയിച്ചു.