ചങ്ങനാശേരി: പായിപ്പാട്ടെ വ്യാപാരിയെ വെട്ടിപരിക്കേൽപ്പിച്ച് പണം അടങ്ങിയ ബാഗ് കവർച്ച ചെയ്യാൻ ശ്രമിച്ച കേസിലെ പ്രതി റിമാൻഡിൽ. ബംഗാൾ സ്വദേശി സുഫിജുൾ ഹക്ക് (19)നെയാണ് റിമാൻഡ് ചെയ്തത്. പായിപ്പാട് ജംഗ്ഷനിൽ സെഞ്ചുറി മൊബൈൽസ് വ്യാപാര സ്ഥാപനം നടത്തുന്ന ആഞ്ഞിലിത്താനം വെട്ടുവിളപുത്തൻവീട്ടിൽ ബാബു വർഗീസ് (66)നെ ആക്രമിച്ച് ആണ് പ്രതി പണം തട്ടാൻ ശ്രമം നടത്തിയത്. കഴിഞ്ഞ ഞായറാഴ്ച രാത്രി 9.50നായിരുന്നു സംഭവം.
ബാബു വർഗീസ് പണം അടങ്ങിയ ബാഗുമായി വീട്ടിലേക്ക് പോകുന്നത് പലപ്രാവശ്യം നിരീക്ഷണം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് മോഷണത്തിനായി ഞായറാഴ്ച തെരഞ്ഞെടുത്തതെന്നും പ്രതി പോലീസിന് മൊഴി നൽകി. ഞായറാഴ്ച ദിവസമാണ് സാധാരണഗതിയിൽ ബാബു വർഗീസിന്റെ സ്ഥാപനത്തിൽ വ്യാപാരം കൂടുതൽ നടക്കുന്നത്. ഇതും പ്രതി മനസിലാക്കിയിരുന്നു.
തൊഴിലാളികളുടെ ക്യാന്പുകളിൽ പോലീസ് റെയ്ഡ്
ചങ്ങനാശേരി: പായിപ്പാട്ട് വ്യാപാരിയെ വെട്ടിപരിക്കേൽപ്പിച്ച് കവർച്ചാ ശ്രമം നടത്തിയതിനെ തുടർന്ന് ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാന്പുകളിൽ പോലീസ് പരിശോധന കർശനമാക്കുന്നു. ജില്ലാ പോലീസ് മേധാവി എം. രാമചന്ദ്രന്റെ നിർദേശ പ്രകാരം ചങ്ങനാശേരി ഡിവൈഎസ്പി ആർ. ശ്രീകുമാർ, സിഐ കെ.പി വിനോദ് എന്നിവരുടെ നേതൃത്വത്തിലാണ് ക്യാന്പുകളിൽ പരിശോധന ശക്തമാക്കുന്നത്.
മോഷണം, കഞ്ചാവ് വില്പന എന്നിവ വ്യാപകമായതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് റെയ്ഡ് ശക്തമാക്കുന്നത്. മോഷണം നടത്തി തിരികെയെത്തി ക്യാന്പുകളിൽ വിശ്രമിക്കാറുള്ളതിനാൽ പകൽ സമയത്ത് റെയ്ഡ് നടത്താനാണ് പോലീസിന്റെ ആലോചന.