സ്വന്തം ലേഖകൻ
തൃശൂർ: പഞ്ചസാരയുമായി കർണാടകത്തിൽനിന്നും മഹാരാഷ്ട്രയിൽനിന്നും ലോറികൾ വരുന്നില്ല. ജില്ല പഞ്ചസാര ക്ഷാമത്തിലേക്ക്. സർക്കാർ ഇടപെട്ടില്ലെങ്കിൽ അടുത്തയാഴ്ച പഞ്ചസാരയ്ക്കു കയ്പാകും.
അരിയും പലചരക്കിനങ്ങളും പച്ചക്കറിയും നാമമാത്രമായാണ് ഇന്നലെ തൃശൂരിൽ എത്തിയത്. തൃശൂർ നഗരത്തിൽ മൂന്നു ലോ ഡ് അരിയാണ് എത്തിയത്. പലയിനം അരികളും വിപണിയിൽ ലഭ്യമല്ലാതായിത്തുടങ്ങി.
തമിഴ്നാട്ടിൽനിന്ന് വളരെക്കുറച്ചു പച്ചക്കറി ഇനങ്ങളാണ് ഇന്നലെ തൃശൂരിലെത്തിയത്. കാബേജ്, കാരറ്റ്, ബീൻസ് എന്നീ ഇനങ്ങളാണ് കൂടുതലായും എത്തിയത്.
തക്കാളിയും നേന്ത്രക്കായയും നാമമാത്രമായാണ് എത്തിയത്. അതിനാൽ വിലയും കൂടി. തക്കാളിക്ക് മൊത്തവില അന്പതൂരൂപ. ചില്ലറ വില 70 രൂപയും. നേന്ത്രക്കായക്ക് മൊത്തവില 28 രൂപയും ചില്ലറ വില 40 രൂപയുമായി. കാബേജിന് വില വർധനയില്ല. 20 രൂപ മാത്രം.
പച്ചക്കറി മാർക്കറ്റിൽ പുലർച്ചെ മൂന്നര മുതൽ രാവിലെ ഏഴര വരെയാണ് കച്ചവടം. തൃശൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള കടകളിലേക്കു തൃശൂർ ശക്തൻ നഗറിലെ മാർക്കറ്റിൽനിന്നാണു പച്ചക്കറികൾ വാങ്ങുന്നത്.
ഒറ്റ കവാടത്തിലൂടെ മാത്രമാണു പ്രവേശനം. കവാടത്തിൽ കൈ സോപ്പിട്ടു കഴുകുകയും സാനിറ്റൈസർ ഉപയോഗിച്ചു ശുദ്ധ മാക്കുകയും വേണം. ഈ സുരക്ഷ ഉറപ്പാക്കാൻ പുലർച്ചെ മുതൽ പോലീസ് കാവലുണ്ട്.
ഉച്ചയ്ക്കു മുന്പേ തൃശൂർ ശക്തൻ നഗറിലെ പച്ചക്കറിക്കടകളെല്ലാം അടച്ചു സ്ഥലംവിടും. ഉച്ചയ്ക്കുശേഷം വാങ്ങാൻ ആരും വരാത്തതാണു കാരണം. രാവിലെ മുതൽതന്നെ വാങ്ങാനെത്തുന്ന വ്യാപാരികളെപ്പോലും പോലീസ് തടയുകയും മടക്കിയയക്കുകയും ചെയ്യുന്നതായി പരാതിയുണ്ട്.
വാങ്ങാൻ ആളില്ലാത്തതിനാൽ തൃശൂർ നഗരത്തിലെ അരി, പലചരക്ക് വ്യാപാരികളിൽ പലരും ഉച്ചയോടെ കടയടച്ചു സ്ഥലം വിടുകയാണ്. വൈകുന്നേരം അഞ്ചുവരെയാണു കച്ചവടത്തിനായി അനുവദിച്ചിരിക്കുന്ന സമയം.
കോവിഡ് വൈറസ് ബാധ കൂടുതലുള്ള മഹാരാഷ്ട്രയിൽനിന്നും കർണാടകയിൽനിന്നുമാണ് പഞ്ചസാര എത്തേണ്ടത്. അവിടെനിന്ന് ലോഡു കയറ്റിവരാൻ ഡ്രൈവർമാർ തയാറല്ലാത്തതാണു പഞ്ചസാര ക്ഷാമത്തിനു കാരണം.
രോഗബാധയും ഇടയ്ക്കിടെയുള്ള പരിശോധനയും ഭയന്നു മാത്രമല്ല, യാത്രക്കിടെ ഭക്ഷണമോ വെള്ളംപോലുമോ കിട്ടില്ലെന്ന ദുരവസ്ഥകൂടിയുള്ളതിനാലാണു ഡ്രൈവർമാർ ലോഡുമായി വരാൻ മടിക്കുന്നത്.
ലോക് ഡൗണ് നിയന്ത്രണങ്ങൾ കാർഷികോത്പന്നങ്ങളുടെ വിളവെടുപ്പിനെ കാര്യമായി ബാധിച്ചിട്ടുണ്ട്. കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ കൃഷിയിടങ്ങളിൽ വിളവെടുപ്പിനു പണിക്കാർ എത്തുന്നില്ല. കേരള ലോറികൾക്കു വിലക്ക് ഏർപ്പെടുത്തിയതിനാൽ ഇരട്ടി വാടക നൽകിയാണു തമിഴ്നാട്ടിലെ പൊള്ളാച്ചിയിൽനിന്നും മേട്ടുപാളയത്തിൽനിന്നും പച്ചക്കറിയിനങ്ങൾ എത്തിക്കുന്നത്. ഇതെല്ലാം വിലക്കയറ്റത്തിന് ഇടയാക്കുന്നുണ്ട്.
തൃശൂർ ശക്തൻ നഗറിലെ മത്സ്യ മാർക്കറ്റ് അടച്ചിട്ടിരിക്കുകയാണ്. എങ്കിലും രണ്ടിടത്തു മത്സ്യവ്യാപരം നടന്നു. വളരെക്കുറച്ചു മത്സ്യം മാത്രമേ വിപണിയിലുള്ളൂ. വാള കിലോയ്ക്ക് 250 രൂപ, ചൂരക്കണ്ണി 200 രൂപ എന്നിങ്ങനെയാണു വില.
ശക്തൻ തന്പുരാൻ മാർക്കറ്റിലെ ഇറച്ചിക്കോഴി, ബീഫ്, പോർക്ക് വ്യാപാരം തടസമില്ലാതെ തുടരുന്നുണ്ട്. ഇറച്ചിക്കോഴിക്കു കിലോയ്ക്ക് 59 രൂപയാണു വില.