കൊച്ചി: 2017-18 സാന്പത്തികവർഷത്തെ ആദ്യ മൂന്നു പാദങ്ങളിൽ ഇന്ത്യൻ സുഗന്ധവ്യഞ്ജന കയറ്റുമതി 20 ശതമാനം വളർച്ച കൈവരിച്ചതായി സ്പൈസസ് ബോർഡ്. ഏപ്രിൽ മുതൽ ഡിസംബർ വരെ 13,167.89 കോടി രൂപ വിലമതിക്കുന്ന 7,97,145 ടണ്‍ സുഗന്ധവ്യഞ്ജനമാണ് കയറ്റുമതി ചെയ്തത്.
സുഗന്ധവ്യഞ്ജനങ്ങളുടെ റാണിയെന്നറിയപ്പെടുന്ന ചെറിയ ഏലം, ജീരകം, വെളുത്തുള്ളി, കായം, പുളി, കടുക്, അയമോദകം, ശതകുപ്പ, കസ്കസ് എന്നിവയുടെ കയറ്റുമതിയിൽ അളവിലും മൂല്യത്തിലുമുണ്ടായ മികച്ച വർധനയാണ് ഈ നേട്ടം കൈവരിക്കാൻ സഹായകമായതെന്ന് അധികൃതർ വ്യക്തമാക്കുന്നു.
മൂല്യവർധിത ഉത്പന്നങ്ങളായ കറിപ്പൊടി, പുതിന ഉത്പന്നങ്ങൾ, സുഗന്ധവ്യഞ്ജന എണ്ണ, ലേപനങ്ങൾ എന്നിവയുടെ കയറ്റുമതി അളവിൽ ഗണ്യമായ വർധനയുണ്ടായി. അതേസമയം, മുളക്, മല്ലി, പെരുംജീരകം, ജാതിക്ക, ചോളം എന്നിവയ്ക്കു മൂല്യത്തിലാണ് വർധനയുണ്ടായതെന്ന് സ്പൈസസ് ബോർഡ് ചെയർമാൻ ഡോ. എ. ജയതിലക് പറഞ്ഞു.
അളവിലും മൂല്യത്തിലും ഏറ്റവുമധികം വളർച്ച രേഖപ്പെടുത്തിയതു ചെറിയ ഏലമാണ്. 456.01 കോടി രൂപ വിലമതിക്കുന്ന 4,180 ടണ്‍ ചെറിയ ഏലം കയറ്റുമതി ചെയ്തു. അളവിൽ 44 ശതമാനത്തിന്റെയും മൂല്യത്തിൽ 53 ശതമാനത്തിന്റെയും വർധനയാണ് ഏലത്തിനുണ്ടായത്.
3241.83 കോടി രൂപ മൂല്യമുള്ള 3,53,400 ടണ്‍ മുളക് കയറ്റുമതി ചെയ്തു. ഏറ്റവുമധികം കയറ്റുമതി ചെയ്യുന്ന രണ്ടാമത്തെ ഉത്പന്നമാണ് ജീരകം. മുൻ വർഷത്തെ അളവായ 91,024 ടണ്ണിൽ നിന്ന് 1,04,260 ടണ്ണായും മൂല്യം 1480.79 കോടിയിൽനിന്ന് 1761.70 കോടിയായും വളർച്ച രേഖപ്പെടുത്തി.
മൂല്യവർധിത ഉത്പന്നങ്ങളിൽ കറിപ്പൊടി, പേസ്റ്റ് എന്നിവയുടെ അളവിൽ ഒന്‍പതു ശതമാനവും മൂല്യത്തിൽ 10 ശതമാനവും വർധനയുണ്ടായി. 517.52 കോടി വില മതിക്കുന്ന 25,200 ടണ്‍ മൂല്യവർധിത ഉത്പന്നങ്ങളാണ് കയറ്റുമതി ചെയ്തത്. നടപ്പു വർഷത്തിൽ 1873.22 കോടി രൂപ വിലവരുന്ന 12,700 ടണ്‍ സുഗന്ധവ്യഞ്ജന എണ്ണയും ലേപനങ്ങളും കയറ്റുമതി ചെയ്തിട്ടുണ്ട്.