ഒരു വയസുള്ള കുഞ്ഞുങ്ങൾക്കും മറ്റും പഞ്ചസാര കൊടുത്തു ശീലിപ്പിക്കാതിരിക്കുന്നതാണു നല്ലത്. പാലിൽ പഞ്ചസാര ഇടാതെ കൊടുത്തു ശീലിപ്പിക്കണം. മൂന്നു നാലു വയസാകുന്പോഴേക്കും പാലിൽ നിന്നു കിട്ടുന്നതിലുമധികം മധുരം മധുരപലഹാരങ്ങളിലൂടെയാണു കിട്ടുന്നത്, മധുരപലഹാരങ്ങളാണല്ലോ ആ പ്രായത്തിൽ കുട്ടികൾ ഇഷ്ടപ്പെടുന്നത്. എന്നാലും ദിവസം 20 – 25 ഗ്രാം പഞ്ചസാര വരെ ഈ പ്രായത്തിൽ അവർക്കു കൊടുക്കാം.
പഞ്ചസാര സൈഡ് ഡിഷ് അല്ല
കൊച്ചുകുട്ടികൾ മധുരപ്രിയരാണ്. ചില കുട്ടികൾ പഞ്ചസാര വെറുതേ വാരിക്കഴിക്കും. എല്ലാ വിഭവങ്ങളിലും പഞ്ചസാര ചേർത്തു കഴിക്കാൻ കുഞ്ഞുപ്രായത്തിൽത്തന്നെ രക്ഷിതാക്കൾ ശീലിപ്പിക്കാറുണ്ട്. എന്നാൽ ചെറുപ്രായത്തിൽ മധുരം കൊടുത്തു ശീലിപ്പിക്കാതിരിക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണം.
ഉപ്പുമാവിനും പുട്ടിനുമൊപ്പം പഞ്ചസാര ചേർത്തു കൊടുക്കുന്നതിനു പകരം കടലക്കറിയോ പയർ പുഴുങ്ങിയതോ കൊടുക്കാം. പഞ്ചസാരയുടെ അളവു കുറയ്ക്കാം, പ്രഭാതഭക്ഷണം പോഷകസമൃദ്ധമാക്കാം. ദോശയ്ക്കൊപ്പം പഞ്ചസാരയ്ക്കു പകരം ചട്ണിയോ കടലക്കറിയോ നല്കാം. പഞ്ചസാര ഒരു സൈഡ് ഡിഷായി ശീലിക്കരുത്. പഞ്ചസാരയിലുള്ളത് എംറ്റി(ശൂന്യം) കലോറിയാണ്. അതിൽ പോഷകങ്ങളില്ല. വെറും കലോറി മാത്രം. അധികമായുള്ള കലോറി ശരീരത്തിലെത്തിയാൽ അതു കൊഴുപ്പായി മാറും.
പ്രായമേറിയവർ മധുരം കുറയ്ക്കണം
സൂക്രോസാണ് (പഞ്ചസാര)ശുദ്ധമായ മധുരം. കരിന്പിൽ നിന്നാണ് അതുണ്ടാക്കുന്നത്. അതേസമയം ക്യൂബയിൽ മധുരക്കിഴങ്ങിൽ നിന്നും റഷ്യയിൽ ബീറ്റ്റൂട്ടിൽ നിന്നുമാണ് പഞ്ചസാര ഉണ്ടാക്കുന്നത്. ശർക്കര, കരുപ്പട്ടി എന്നിവിൽ നിന്നു കിട്ടുന്നതും സൂക്രോസ് തന്നെ. മുതിർന്നവർക്കു ദിവസം 20-30 ഗ്രാം പഞ്ചസാര ഉപയോഗിക്കാം. കുട്ടികൾക്ക് 40-50 ഗ്രാം വരെ ഉപയോഗിക്കാം. മുതിർന്നവർ കഴിവതും പഞ്ചസാര കുറയ്ക്കണം. അവർക്ക് ഏറെ മധുരം ആവശ്യമില്ല.
കൽക്കണ്ടം പഞ്ചസാര തന്നെ
ശർക്കരയിൽ നിന്ന് ഇരുന്പ്, കോപ്പർ തുടങ്ങിയ ധാതുക്കൾ കൂടി കിട്ടുന്നതിനാൽ പഞ്ചസാരയേക്കാൾ ഭേദം. തേൻ, കരുപ്പട്ടി എന്നിവയും മധുരമായി ഉപയോഗിക്കാം. കല്ക്കണ്ടം വാസ്തവത്തിൽ പഞ്ചസാര തന്നെയാണ്. റിഫൈൻ ചെയ്യാത്ത പഞ്ചസാര.
അടയിൽ ശർക്കര മതി
അട, കൊഴുക്കട്ട തുടങ്ങിയ പലഹാരങ്ങൾ തയാറാക്കുന്പോൾ തേങ്ങയ്ക്കൊപ്പം പലരും പഞ്ചസാര ചേർക്കാറുണ്ട്. അവിടെ പഞ്ചസാരയേക്കാൾ നല്ലതു ശർക്കര തന്നെയാണ്. അതിൽ നിന്ന് ഇരുന്പും മറ്റുചില പോഷകങ്ങളും ശരീരത്തിനു കിട്ടുന്നു.
അമിതഭാരവും കാൻസർ സാധ്യതയും
പഞ്ചസാരയും കാൻസറും തമ്മിൽ നേരിട്ടു ബന്ധമില്ല. പഞ്ചസാര കൂടുതൽ കഴിച്ചാൽ അമിതഭാരം ഫലം! അമിതഭാരം കാൻസർസാധ്യത വർധിപ്പിക്കുമെന്നു പഠനങ്ങളുണ്ട്. എല്ലാം പരസ്പരം ബന്ധപ്പട്ടിരിക്കുന്നു.
വിവരങ്ങൾ:
ഡോ. അനിതമോഹൻ
ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ് &ഡയറ്റ് കണ്സൾട്ടന്റ്