മുക്കം: സാധാരണക്കാർക്ക് സബ്സിഡി നിരക്കിൽ വിതരണം ചെയ്യേണ്ട മരുന്നുകൾ അനാഥമായി കിടക്കാൻ തുടങ്ങിയിട്ട് മൂന്ന് ദിവസം. മുക്കത്തെ സപ്ലൈകോ മെഡിക്കൽ ഷോപ്പിലേക്ക് വടകര സപ്ലെക്കോയിൽ നിന്ന് കൊറിയർ സർവീസ് വഴി അയച്ചമരുന്നുകളാണ് മൂന്ന് ദിവസമായി മുക്കം എൻസി.കോംപ്ലക്സിന്റെ ഗോവണി പടിയിൽ കിടക്കുന്നത്.
15 ഡിഗ്രിക്കും 25 ഡിഗ്രിക്കും ഇടയിൽ ഊഷ്മാവിൽ സൂക്ഷിക്കേണ്ടപ്രമേഹരോഗികൾക്ക് കുത്തിവെക്കുന്ന ഇൻസുലിൻ മരുന്നുകളാണ് പ്രത്യേകം തയ്യാറാക്കിയ പെട്ടിയിൽ സൂക്ഷിച്ച നിലയിൽ കാണപ്പെട്ടത്. സംഭവം ശ്രദ്ധയിൽ പെട്ട ഉടനെ മുക്കം സപ്ലൈകോയിലേക്ക് ബന്ധപ്പെട്ടപ്പോൾ മരുന്ന് പാർസലായി കൊണ്ടുവന്ന കൊറിയർ സർവീസിന്റെ അനാസ്ഥയാണന്നാണ് പറഞ്ഞത്.
പ്രത്യേക ഊഷ്മാവിൽ സൂക്ഷിക്കേണ്ട മരുന്നുകളാണന്ന് അവർ തന്നെ സമ്മതിക്കുകയും ചെയ്യുന്നു. അതേ സമയം പ്രത്യേകഊഷ്മാവിൽ സൂക്ഷിക്കേണ്ട മരുന്നുകൾ ഇത്തരത്തിൽ കനത്ത ചൂടിൽ ദിവസങ്ങളോളം കിടന്നാൽ മരുന്നിന്റെ ഘടന മാറുമെന്നും ഘടന മാറിയ മരുന്നുകൾ കുത്തിവെച്ചാൽ മരുന്നിന്റെ പ്രവർത്തനം നടക്കില്ലന്നും മുക്കം കമ്യൂണിറ്റി ഹെൽത്ത് സെന്ററിലെ ഡോ.സി.കെ.ഷാജി പറഞ്ഞു.
മാത്രമല്ല മറ്റ് മരുന്നുകളെ പോലെ നഗ്നനേത്രങ്ങൾ കൊണ്ട് മരുന്ന് കേടയതാണോ എന്ന് മനസിലാക്കാൻ പറ്റില്ലന്നും ഇത്തരം മരുന്നുകൾ കുത്തിവെച്ചാൽ രക്തത്തിലെ പഞ്ചസാര കുറയില്ലന്നും ഡോ. ഷാജി പറഞ്ഞു. ഇൻസുലിൻ ഫാക്ടറിയിൽ നിന്ന് പുറത്തിറങ്ങിയാൽ ആവശ്യക്കാരുടെ കയ്യിലെത്തുന്നത് വരെ അത് കൊണ്ട് വരുന്നതിന് ഒരു പ്രോട്ടോകോൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.