മോണയെ ബാധിക്കുന്ന അണുബാധയാണു മോണരോഗം. മോണരോഗങ്ങളെ ജിഞ്ചിവൈറ്റിസ്, പെരിയോണ്ഡൈറ്റിസ് എന്നിങ്ങനെ തരംതിരിക്കാം.
മോണകളെ മാത്രം ബാധിക്കുന്ന അണുബാധയാണ് ജിഞ്ചിവൈറ്റിസ്. വായുടെ ശുചിത്വമില്ലായ്മയാണ് ഇതിനു കാരണം. ഇങ്ങനെ ഉണ്ടാകുന്ന ചെറിയ മോണരോഗം ചികിത്സിക്കാതെ വിടുന്പോൾ, അതു പെരിയോണ്ഡൈറ്റിസിനു കാരണമാകുന്നു.
മോണരോഗം പല്ലിനു ചുറ്റുമുള്ള ഘടനകളിലേക്കു പുരോഗമിക്കുകയും അതു താടിയെല്ലുകളുടെ അസ്ഥിയെ നശിപ്പിക്കുകയും പല്ലുകൾ നഷ്ടപ്പെടുകയും ചെയ്യുന്നു. മോണരോഗങ്ങൾ മറ്റു ശരീരാവസ്ഥ ഘടകങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.
മറ്റു ശരീരാവസ്ഥകളുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങൾ ഒരു വ്യക്തിയെ കൂടുതൽ അണുബാധയിലേക്കു നയിക്കുന്നു. ഇതു സാധാരണ മുറിവ് ഉണങ്ങുന്നതിനെയും ബാധിക്കുന്നു. അതിൽ പ്രധാനപ്പെട്ട ഒരു ഘടകമാണു പ്രമേഹം.
പ്രമേഹബാധിതരിൽ പ്രതിരോധം കുറയും
രക്തത്തിലെ ഗ്ലൂക്കോസ് അളവ് ക്രമാതീതമായി വർധിക്കുന്ന അവസ്ഥയാണു പ്രമേഹം. പ്രമേഹത്തെ ടൈപ്പ് 1 പ്രമേഹം എന്നും ടൈപ്പ് 2 പ്രമേഹം എന്നും തരംതിരിക്കാം.
പാൻക്രിയാസ് ഗ്രന്ഥിയിൽനിന്ന് ഇൻസുലിൻ ഉത്പാദിപ്പിക്കാത്ത അവസ്ഥയാണു ടൈപ്പ് 1 പ്രമേഹം. പാൻക്രിയാസ് ഗ്രന്ഥിയിൽനിന്ന് ഉത്പാദനം ഉണ്ടാവുകയും അതു ശരിയായ രീതിയിൽ ശരീരത്തിൽ പ്രവർത്തിക്കാൻ കഴിയാതെ വരികയും ചെയ്യുന്ന അവസ്ഥയാണ് ടൈപ്പ് 2 പ്രമേഹം.
ഇൻസുലിൻ ഉൽപാദനത്തിലോ അതിന്റെ പ്രവർത്തനത്തിലോ മാറ്റം വരുന്പോൾ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി കൂടുന്നു.
പ്രമേഹരോഗികളിൽ രോഗപ്രതിരോധശേഷി കുറവായതിനാൽ പെട്ടെന്ന് അണുബാധയുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. വരണ്ട വായ, മോണരോഗം, ദന്തക്ഷയം, മുറിവ് ഉണങ്ങാനുള്ള താമസം, വായ്പുണ്ണ്, കാൻഡിടിയാസിസ്, ബേണിംഗ് മൗത്ത് സിൻഡ്രോം എന്നിവയാണ് ദന്താരോഗ്യവുമായി ബന്ധപ്പെട്ടു പ്രമേഹരോഗികളിൽ കാണുന്ന പ്രശ്നങ്ങൾ.
ശ്രദ്ധിക്കുക
* പ്രമേഹരോഗികൾ ദന്തചികിത്സ നടത്തുന്നതിനുമുന്പുതന്നെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവു പരിശോധിക്കേണ്ടതാണ്.
* പ്രമേഹരോഗികൾക്കു മോണരോഗത്തിനുള്ള സാധ്യത കൂടുതലായതിനാൽ കൂടുതൽ ഇളവേളകളിൽ ദന്തപരിശോധന നടത്തേണ്ടതാണ്.
* ഡോക്ടറുടെ നിർദേശപ്രകാരം സ്ഥിരമായി കഴിച്ചുകൊണ്ടിരിക്കുന്ന പ്രമേഹമരുന്നുകൾ മുടങ്ങാൻ പാടുള്ളതല്ല.
* ശരിയായി ഭക്ഷണം കഴിക്കാത്തതുമൂലം രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയാൻ സാധ്യതയുണ്ട്. ഇത് ഉണ്ടാകാതിരിക്കാൻ പ്രമേഹരോഗികൾ രാവിലെയുള്ള ദന്തചികിത്സയ്ക്കു മുൻപായി ശരിയായി ഭക്ഷണം കഴിച്ചിരിക്കണം.
* രക്തത്തിൽ പഞ്ചസാരയുടെ അളവു കുറവുള്ള രോഗികൾ എന്തെങ്കിലും മധുരപദാർഥങ്ങൾ കൈയിൽ കരുതുന്നത് ഉചിതമായിരിക്കും.
* രക്തത്തിൽ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കൂടുന്ന സാഹചര്യത്തിൽ ദന്തചികിത്സകൾ പൂർണമായും ഒഴിവാക്കേണ്ടതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ശരിയായി നിയന്ത്രിച്ചശേഷം ദന്തചികിത്സകൾ നടത്താവുന്നതാണ്. ഇടവിട്ടുള്ള ദന്തപരിശോധനകൾ പ്രമേഹരോഗികളിൽ ആവശ്യമാണ്.
വിവരങ്ങൾ – ഡോ. സ്നേഹ സി.ബി.( ഹൗസ് സർജൻ)
Guided by ഡോ. വിനോദ് മാത്യു മുളമൂട്ടിൽ
(അസിസ്റ്റൻറ് പ്രഫസർ, പുഷ്പഗിരി കോളജ് ഓഫ് ദന്തൽ സയൻസസ്, തിരുവല്ല).
ഫോൺ – 9447219903