ദാഹിച്ചു വലഞ്ഞു വരുമ്പോഴാണ് വഴിയോരത്ത് നല്ല കരിമ്പിന്‍ ജ്യൂസ് വില്‍ക്കുന്നത് ശ്രദ്ധയില്‍ പെടുന്നത്. എന്നാല്‍പിന്നെ ഒരു ഗ്‌ളാസ് വാങ്ങിക്കുടിച്ചേക്കാമെന്ന് കരുതിയാല്‍ അത് പലപ്പോഴും നയിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളിലേക്കായിരിക്കും. കാഞ്ഞങ്ങാട് നഗരസഭാ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ കരിമ്പ് ജ്യൂസില്‍ ചേര്‍ക്കുന്ന ഐസ് ഭക്ഷ്യയോഗ്യമല്ലാത്തതെന്നു കണ്ടെത്തുകയും കാഞ്ഞങ്ങാട് നഗരസഭാ പരിധിക്കുള്ളില്‍ അനധികൃത കരിമ്പ് ജ്യൂസ് വില്‍പന നിരോധിക്കുകയും ചെയ്തിരിക്കുകയാണ്. ശുദ്ധജലത്തിന്റെ പിച്ച്മൂല്യം ഏഴെന്നിരിക്കിരേ കരിമ്പിന്‍ ജ്യൂസില്‍ ചേര്‍ക്കുന്ന ഐസിന്റെ പിഎച്ച് മൂല്യം നാലാണ്.
അമ്ലത്വം ഇത്രയധികം കൂടുന്നതിനാല്‍ ഇത് ഭക്ഷ്യയോഗ്യമല്ലെന്ന് ബോധ്യപ്പെട്ടതിനെത്തുടര്‍ന്നാണ് നഗരസഭാ ആരോഗ്യ വിഭാഗം അധികൃതര്‍ നിരോധനവുമായി മുന്നോട്ടു വന്നത്. ഇതേത്തുടര്‍ന്ന് കാഞ്ഞങ്ങാട് നഗരസഭാ പരിധിക്കുള്ളില്‍ റോഡരികിലെ അനധികൃത കരിമ്പ് ജ്യൂസ് കച്ചവടം നിലച്ചു. എന്നാല്‍ കാഞ്ഞങ്ങാട് നഗരസഭാ പരിധി കഴിഞ്ഞാല്‍ കരിമ്പ് ജ്യൂസ് വില്‍പന ഇപ്പോഴും വ്യാപകമാണ്. കാഞ്ഞങ്ങാട് ടൗണില്‍നിന്ന് കിലോമീറ്ററുകള്‍ മാത്രം അകലെ മാവുങ്കാലില്‍ പോലും അനധികൃതമായി കരിമ്പ് ജ്യൂസ് വില്‍ക്കുന്നുണ്ട്.
ഇത് അജാനൂര്‍ പഞ്ചായത്ത് പരിധിയിലെ സ്ഥലമാണ്. ദേശീയപാതയിലുടനീളം നിശ്ചിത ദൂരത്തില്‍ കരിമ്പ് ജ്യൂസ് കച്ചവടം നടത്തുന്നുണ്ട്. ഇതരസംസ്ഥാന തൊഴിലാളികളാണു കരിമ്പ് ജ്യൂസ് വില്‍പന നടത്തുന്നവരിലേറെയും. അവര്‍ 400 രൂപ കൂലി വാങ്ങുന്ന തൊഴിലാളികള്‍ മാത്രമാണ്. ഇവര്‍ക്കു കരിമ്പും ഐസും എത്തിക്കുന്നതു കരാറുകാരാണ്. പാഴ്വസ്തുക്കള്‍ വില്‍ക്കുന്ന കടയില്‍നിന്നു ശേഖരിക്കുന്ന പഴയ ശീതീകരണിയിലാണ് ഐസ് സൂക്ഷിക്കുന്നത്.
വൈദ്യുതബന്ധമില്ലാത്ത ഇത്തരം ശീതികരണയില്‍ സൂക്ഷിക്കുന്ന ഐസ് വേഗത്തില്‍ അലിയാതിരിക്കാന്‍ രാസവസ്തുക്കള്‍ ചേര്‍ക്കുന്നുവെന്നാണ് ആരോഗ്യവകുപ്പ് അധികൃതരുടെ നിഗമനം.റോഡരികില്‍ അവില്‍ മില്‍ക്ക് വില്‍ക്കുന്നവരും ഇപ്രകാരം ഐസ് ഉപയോഗിക്കുന്നതായി സൂചനയുണ്ട്. കരിമ്പ് ജ്യൂസ് വില്‍ക്കുന്ന ലൈസന്‍സുള്ള കടകളിലെ ഐസിന് പ്രശ്‌നമില്ലെന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കുന്നത്. വഴിയരികിലെ കരിമ്പിന്‍ ജ്യൂസ് വില്‍പനശാലകളില്‍ ഓയില്‍ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന മോട്ടോര്‍ പ്രവൃത്തിപ്പിച്ചാണ് ജ്യൂസ് നിര്‍മിക്കുന്നത്.
രാവിലെ മുതല്‍ തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്ന ഇത്തരം മോട്ടോറുകള്‍ കനത്ത പരിസര മലിനീകരണം ഉണ്ടാക്കുന്നുണ്ട്. വിവിധ നഗരസഭകളിലും പഞ്ചായത്തുകളിലും വ്യാപിച്ചു കിടക്കുന്ന ശൃംഖലയാണ് കരിമ്പ് ജ്യൂസ് വില്‍പനക്കാരുടെത്. ഏതെങ്കിലും ഒരു നഗരസഭയോ പഞ്ചായത്തോ മാത്രം ഇവര്‍ക്കെതിരെ നടപടിയെടുക്കുന്നതുകൊണ്ടു കാര്യമില്ല എന്നതാണ് യാഥാര്‍ഥ്യം.