പഞ്ചസാരയും സ്ത്രീകളുടെ അമിതവണ്ണവും
പഞ്ചസാര എത്രത്തോളം കഴിക്കുന്നുവോ അത്രത്തോളം ശരീരഭാരവും കൂടും. ഇടയ്ക്കിടെ മധുരം ചേർത്ത ചായ കഴിക്കുന്നതാണ് സ്ത്രീകളുടെ വണ്ണം കൂടുന്നതിനുള്ള കാരണങ്ങളിലൊന്ന്. കുട്ടികൾക്കു കൊടുത്ത മധുരപലഹാരങ്ങളുടെ ബാലൻസ് ഉണ്ടെങ്കിൽ അതു കളയേണ്ട എന്നു കരുതി കഴിക്കുന്ന വീട്ടമ്മമാർ ധാരാളം.
ദിവസം മധുരമിട്ട ചായ രണ്ടിൽ അധികം കഴിക്കുന്ന സ്ത്രീകളും ധാരാളം. ഇതെല്ലാം സ്ത്രീകളെ സംബന്ധിച്ചിടത്തോളം അമിതഭാരം വരുന്നതിനിടയാക്കുന്നു.
വീട്ടിൽ നിൽക്കുന്പോൾ ഇടയ്ക്കിടെ സോഫ്റ്റ് ഡ്രിംഗ്സ് (നാരങ്ങാവെള്ളം, ജ്യൂസ്…) കഴിക്കുന്നതും സ്ത്രീകളുടെ ശരീരത്തിലെത്തുന്ന മധുരത്തിന്റെ തോതു വർധിപ്പിക്കുന്നു. അവയൊക്കെ ഒരു ഭക്ഷണമായി തോന്നില്ലെങ്കിലും അവയിലൂടെയൊക്കെ അമിത കലോറി ശരീരത്തിലെത്തുന്നു. അതു കൊഴുപ്പായി മാറ്റി ശരീരത്തിൽ അടിയും.
ഉപേക്ഷിക്കാനാവില്ല മിതമായി ഉപയോഗിക്കാം
പഞ്ചസാരയിൽ ഉൗർജത്തിന്റെ തോതു കൂടുതലാണ്. അമിത കലോറി ഉൗർജമുളള മധുരമേറിയ വിഭവങ്ങൾ ശീലമാക്കിയാൽ ശരീരത്തിന്റെ തൂക്കം അമിതമായി കൂടും. അമിതഭാരവും പൊണ്ണത്തടിയും പ്രമേഹം, അമിതകൊളസ്ട്രോൾ മുതലായ ജീവിതശൈലീരോഗങ്ങൾക്കുളള സാധ്യത കൂട്ടുന്നതായി വിവിധ പഠനങ്ങൾ സൂചന നല്കുന്നു. വ്യായാമത്തിന്റെ അഭാവം കൂടിയാകുന്പോൾ അപകടസാധ്യതയേറുന്നു. എങ്കിലും മധുരം ഒഴിവാക്കാനാവില്ല. അതിന്റെ അളവ് മിതപ്പെടുത്തി ഉപയോഗിക്കാം.
വിവരങ്ങൾ: ഡോ. അനിതാമോഹൻ
ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ് & ഡയറ്റ് കണ്‍സൾട്ടന്റ്