തിരുവനന്തപുരം: കവയിത്രി സുഗതകുമാരി (86) അന്തരിച്ചു. കോവിഡ് ബാധിച്ചു തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവെയായിരുന്നു അന്ത്യം.
1934 ജനുവരി മൂന്നിന് ആറന്മുളയിൽ ജനിച്ച സുഗതകുമാരി, തത്ത്വശാസ്ത്രത്തിലാണ് എംഎ ബിരുദം നേടിയത്. തിരുവനന്തപുരം ജവഹർ ബാലഭവന്റെ പ്രിൻസിപ്പൽ, കുട്ടികൾക്കുള്ള “തളിര്’ മാസികയുടെ പത്രാധിപ, സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ എന്നീ സ്ഥാനങ്ങൾ വഹിച്ചു. പ്രകൃതിസംരക്ഷണസമിതിയുടെയും “അഭയ’യുടെയും സ്ഥാപക സെക്രട്ടറിയുമായിരുന്നു.
സൈലന്റ് വാലി പ്രക്ഷോഭത്തിൽ സുഗതകുമാരി വലിയ പങ്കുവഹിച്ചു. അഭയഗ്രാമം, അഗതികളായ സ്ത്രീകൾക്കുവേണ്ടി അത്താണി എന്ന ഭവനം, മാനസിക രോഗികൾക്കുവേണ്ടി പരിചരണാലയം എന്നിങ്ങനെ കേരളത്തിന്റെ സാമൂഹിക രംഗത്ത് സുഗതകുമാരിയുടെ സംഭാവനകൾ പലതാണ്.
ഭർത്താവ്: ഡോ. കെ. വേലായുധൻ നായർ. മകൾ: ലക്ഷ്മി. അധ്യാപികയും വിദ്യാഭ്യാസവിദഗ്ദ്ധയുമായ ഹൃദയകുമാരി സഹോദരിയാണ്. 2006-ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. സാഹിത്യത്തിലെ സമഗ്ര സംഭാവനകൾക്ക് നൽകുന്ന എഴുത്തച്ഛൻ പുരസ്കാരത്തിന് 2009ൽ അർഹയായിട്ടുണ്ട്.
കേരള സാഹിത്യ അക്കാദമി അവാർഡ് (പാതിരാപ്പൂക്കൾ), സാഹിത്യ അക്കാദമി അവർഡ്, സാഹിത്യ പ്രവർത്തക അവാർഡ് (രാത്രിമഴ), ഓടക്കുഴൽ അവാർഡ്, ആശാൻ പ്രൈസ്, വയലാർ അവാർഡ് (അന്പലമണി), ആശാൻ സ്മാരക സമിതി (മദ്രാസ്) അവാർഡ് (കുറിഞ്ഞിപ്പൂക്കൾ), വിശ്വദീപം അവാർഡ് (തുലാവർഷപ്പച്ച), വള്ളത്തോൾ പുരസ്കാരം, ബാലാമണിയമ്മ പുരസ്കാരം, പി. കുഞ്ഞിരാമൻ നായർ പുരസ്കാരം, ബാലസാഹിത്യത്തിന്നുള്ള സമഗ്ര പുരസ്കാരം, പനന്പിള്ളി പ്രതിഭാപുരസ്കാരം, സ്ത്രീശക്തി അവാർഡ്, സരസ്വതി സമ്മാൻ തുടങ്ങിയ പുരസ്കാരങ്ങൾക്ക് അർഹയായി.
പ്രധാന കൃതികൾ
കവിത: അന്പലമണി, കുറിഞ്ഞിപ്പൂക്കൾ, രാത്രിമഴ, രാധയെവിടെ?, ദേവദാസി, കൃഷ്ണകവിതകൾ, മണലെഴുത്ത്, സുഗതകുമാരിയുടെ കവിതകൾ സന്പൂർണം, തുലാവർഷപ്പച്ച, കുടത്തിലെ കടൽ, പൂവഴി മരുവഴി, സഹ്യഹൃദയം
ബാലസാഹിത്യം: വാഴത്തേൻ, ഒരു കുല പൂവുംകൂടി, അയലത്തു പറയുന്ന കഥകൾ
ഉപന്യാസം: കാവു തീണ്ടല്ലേ…, മേഘം വന്നു തൊട്ടപ്പോൾ, വാരിയെല്ല്, കാടിനു കാവൽ, ഉൾച്ചൂട്.