ആറന്മുള: കവി സുഗതകുമാരി 24 ന് ശതാഭിഷിക്തയാകുന്നു. മകരത്തിലെ അശ്വതി നാളില്‍ ആയിരം പൂർണചന്ദ്രന്മാരെ ദര്‍ശിക്കുന്ന സുഗതകുമാരിക്ക് ജന്മനാടായ ആറന്മുളയിലെ വാഴ്വേലില്‍ തറവാട്ടുമുറ്റത്ത് നാട്ടുകാര്‍ പിറന്നാള്‍ ആഘോഷമൊരുക്കുന്നു.
മനുഷ്യരെയും മണ്ണിനെയും ഒപ്പമുള്ള ജീവരാശികളെ ഒരു ആത്മാവിന്റെ ഭാഗമായി കാണുന്ന മാതൃഭാവത്തിന് പിറന്നാള്‍ ആശംസിക്കാന്‍ കേരളത്തിലെ രാഷ്ട്രീയ സാംസ്കാരിക സാമൂഹിക പരിസ്ഥിതി പ്രവര്‍ത്തകര്‍ തറവാട്ട് മുറ്റത്ത് 24 ന് രാവിലെ പത്തിന് ഒത്തുചേരും. എന്നും മനുഷ്യനോടൊപ്പം മരങ്ങള്ക്കുവേണ്ടിയും വാദിച്ച കവിയുടെ 84-ാം പിറന്നാള്‍ ദിനത്തില്‍ 84 വൃക്ഷതൈകള്‍ നട്ടാണ് പിറന്നാള്‍ സമ്മാനം നല്‍കുന്നത്.
ശാരിക അവശതകളാല്‍ വിശ്രമത്തിലായ സുഗതകുമാരിയുടെ അസാന്നിദ്ധ്യത്തില്‍ ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ കവിയുടെ ആയുരാരോഗ്യത്തിനായി പ്രത്ര്യക പൂജകള്‍ രാവിലെ നടക്കും. ആറന്മുള സമരത്തിന് സുഗതകുമാരിയോടൊപ്പം സജീവ സാന്നിദ്ധ്യമായിരുന്ന വീട്ടമ്മമാര്‍ കുടുംബക്കാവിനുമുമ്പില് സമര്‍പ്പിക്കുന്ന ഭഗവത് ഗീതാര്ച്ചനയോടുകൂടിയാണ് ആഘോഷങ്ങള്‍ തുടങ്ങുന്നത്.
അതിനു ശേഷം പിറന്നാള്‍ ആശംസാ സമ്മേളനം നടക്കും. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്,പൂവും പുഴയും കാടും മലയും പരിസ്ഥിതിയും സംരക്ഷിക്കുകയെന്നത് ജീവിത ദൗത്യമായി ഏറ്റെടുത്ത സുഗതകുമാരിയുടെ കവിതകളിലെ വാത്സല്യവും സ്നേഹവും ഭക്തിയും അവലോകനം ചെയ്യുന്ന കവിയരങ്ങ് സമ്മേളനത്തിന് ശേഷം തറവാട്ടുമുറ്റത്ത് നടക്കും.
പ്രഫ. കെ. തുളസീധരന്‍ നായര്‍, ഡോ. എ. മോഹനാക്ഷന്‍ നായര്‍, കവികളായ ഒ.എസ്. ഉണ്ണികൃഷ്ണന്, വി.കെ. രാജഗോപാല്‍, പി.ആര്. രാധാകൃഷ്ണന്, ആറന്മുള വിജയകുമാര്‍ എന്നിവര്‍ സുഗതകുമാരി കവിതകളിലെ സൗമ്യവും, സ്നേഹവും എന്നവിഷയം അടിസ്ഥാനമാക്കി പ്രസംഗിക്കും