പുനലൂർ: രാഷ്ട്രീയ പാർട്ടികളുടെ ചില യുവജന സംഘടനകൾ നടത്തുന്ന കൊടികുത്തൽ കിഴക്കൻ മേഖലയിൽ ഭീഷണിയാകുന്നു. കൊടികുത്തൽ ഭീഷണിയുടെ അവസാനത്തെ ഇരയാണ് കഴിഞ്ഞദിവസം ആത്മഹത്യ ചെയ്ത ഐക്കരക്കോണം വാഴമൺ ആലിൻ കിഴക്കതിൽ വീട്ടിൽ സുഗതൻ. വർഷങ്ങളായി കിഴക്കൻ മേഖലയിൽ യുവജന സംഘടനകൾ അനധികൃതമായി കൊടികുത്തി വിവാദം സൃഷ്ടിച്ചുവരികയാണ്.
വിവിധ രാഷ്ട്രീയപാർട്ടകളുടെ യുവജന സംഘടനകൾ ഇത്തരം അഭ്യാസങ്ങൾ നടത്തിവരുന്നുണ്ട്. എവിടെ എന്ത് നിർമാണ പ്രവർത്തനങ്ങൾ നടന്നാലും കൊടി കുത്തുകയും ഭീഷണിപ്പെടുത്തുകയുണ്ട് രീതി. വൻതുക വാങ്ങി കൊടി എടുത്ത് മാറ്റുകയും ചെയ്യും. പണത്തിനുവേണ്ടി കൊടികുത്തുന്ന യുവജന സംഘടനകളെ രാഷ്ട്രീയ പാർട്ടികളും പിന്തിരിപ്പിക്കാറില്ല.
യുവജന സംഘടനകൾക്ക് പണമുണ്ടാക്കുന്നതിനുള്ള വഴിയായാണ് ഇത്തരം കൊടികുത്തൽ പരിപാടികൾ അരങ്ങേറുന്നത്. വർക്ക് ഷോപ്പ് നിർമിക്കാനായി സ്ഥലം എടുത്ത് പണികൾ അവസാന ഘട്ടത്തിലെത്തിയപ്പോഴാണ് സുഗതന്റെ വർക്ക് ഷോപ്പിന്റെ ഭാഗത്ത് എഐവൈഎഫ് പ്രവർത്തകർ കൊടികുത്തിയത്. പണം ആവശ്യപ്പെട്ടതായും ആക്ഷേപം ഉയരുന്നുണ്ട്. സിപിഐ നേതാക്കളുൾപ്പെടെയുള്ളവരെ സുഗതൻ സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം.
ഈ നിരാശയാണ് ഒടുവിൽ വർക്ക്ഷോപ്പിൽ തന്നെ ജീവനൊടുക്കാൻ ഇയാളെ പ്രേരിപ്പിച്ചത്. വയൽ നികത്തൽ, മണ്ണെടുപ്പ് എന്നിവ എവിടെ നടന്നാലും ചില യുവജനസംഘടനകൾ കൊടി കുത്താറുണ്ട്. ഇത്തരം യുവജന സംഘടനാപ്രവർത്തകർ പലരും പകൽ വെളിച്ചത്തിൽ റോഡിൽ ഇറങ്ങാറില്ല. രാത്രിയായാൽ മാത്രമേ പുറത്തിറങ്ങാറുള്ളു. നാട്ടുകാർ കൈയേറ്റം ചെയ്യമെന്ന ഭയവും ഇവർക്കുണ്ട്.