പത്തനാപുരം: വര്‍ക്ക്ഷോപ്പില്‍ വൈദ്യുതി കണക്ഷന് എടുക്കാനാവശ്യമായ എന്‍ഒസി സുഗതന്റെ കുടുംബത്തിന് വിളക്കുടി പഞ്ചായത്ത് സെക്രട്ടറി ഇന്നലെ നല്കി.സിപിഐ അംഗങ്ങളുടെ എതിര്‍പ്പിനിടെയാണ് വിളക്കുടി പഞ്ചായത്ത് അനുമതി നല്‍കിയത്.
ഇളമ്പല്‍ പൈനാപ്പിള്‍ ജംഗ്ഷനിലുളള വര്‍ക്ക്ഷോപ്പ് നിര്‍മാണ സ്ഥലത്ത് സിപിഐ, എഐവൈഎഫ് പ്രവര്‍ത്തകര്‍ കൊടികുത്തിയതിനെത്തുടര്‍ന്ന് സുഗതന് ആത്മഹത്യ ചെയ്ത് മൂന്നാഴ്ച പിന്നിടുമ്പോഴാണ് അതേ സ്ഥലത്ത് തന്നെ വര്‍ക്ക് ഷോപ്പ് തുടങ്ങാന്‍ പഞ്ചായത്ത് കുടുംബത്തിന് എന്‍ ഒ സി നല്‍കിയത്.
എന്‍ ഒ സി നല്‍കുന്നതിന് ഭരണസമിതി യോഗത്തില്‍ നാല് സിപിഐ അംഗങ്ങള്‍ ശക്തമായി എതിര്‍ത്തിരുന്നു. എന്നാല്‍ സിപിഎം നേതൃത്വത്തിലുള്ള ഭരണസമിതി എൻ ഒ സി നല്കാന് തീരുമാനിക്കുകയായിരുന്നു. കൂടാതെ പ്രതിപക്ഷമായ യുഡിഎഫും സിപിഎമ്മിനെ പിന്തുണച്ചിരുന്നു .
എന്‍ ഒ സി ലഭിച്ചതോടെ വര്‍ക്ക്ഷോപ്പിന് വൈദ്യുതി കണക്ഷന് അപേക്ഷിക്കാന്‍ സാധിക്കും. എന്നാല്‍ സര്‍ക്കാര്‍ സഹായിച്ചാല്‍ മാത്രമേ വര്‍ക്ക്ഷോപ്പ് നിര്‍മാണവുമായി മുന്നോട്ടു പോവുകയുളളുവെന്നും മക്കളായ സുനിലും സുജിത്തും വ്യക്തമാക്കി.
നിലവിലുളള പോലീസ് അന്വേഷണത്തിലും തങ്ങള്‍ക്ക് വിശ്വാസമില്ലെന്നും അച്ഛന്റെ മരണത്തില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ പ്രതികള്‍ക്ക് സിപിഐ നേതൃത്വം സ്വീകരണം നല്‍കിയത് തങ്ങളെ വേദനിപ്പിച്ചെന്നും ഇരുവരും പറഞ്ഞു. മാനുഷിക പരിഗണന നല്‍കിയാണ് സുഗതന്റെ കുടുംബത്തിന് എന്‍ഒസി നല്‍കിയതെന്ന് വിളക്കുടി പഞ്ചായത്ത് പ്രസിഡന്റ് സി.വിജയന് പറഞ്ഞു.