പത്തനാപുരം: വാഹന വർക്ഷോപ്പ് നിർമിക്കുന്നതിനെതിരെ എഐവൈഎഫ് പ്രവർത്തകർ കൊടികുത്തിയതിൽ മനംനൊന്ത് ഇളമ്പലില്‍ സുഗതൻ എന്ന പ്രവാസി തൂങ്ങി മരിച്ച സംഭവത്തില്‍ യഥാര്‍ത്ഥ കാരണക്കാരല്ല അറസ്റ്റിലായതെന്ന് സുഗതന്റെ മകന് സുജിത് ദീപികയോട് പറഞ്ഞു. യഥാര്‍ഥ പ്രതികളെ രക്ഷിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. ഭരണസ്വാധീനം ഉപയോഗിച്ചാണ് പ്രതികളെ രക്ഷിക്കാൻ നീക്കം നടത്തുന്നതെന്നും മകൻ ആരോപിച്ചു.
അച്ഛന്റെ മരണത്തിന് കാരണക്കാര്‍ ശിക്ഷിക്കപ്പെടാന്‍ ഏതറ്റം വരെയും പോകും. ആത്മഹത്യ ചെയ്ത ഭൂമിയില്‍ തന്നെ വര്‍ക്ക്ഷോപ്പ് നിര്‍മാണം നടത്താനുള്ള നടപടി ഉണ്ടാകണമെന്നും അത് അച്ഛന്റെ സ്വപ്നമായിരുന്നെന്നും സുജിത് പറഞ്ഞു.
അതേസമയം പ്രവാസി തൂങ്ങിമരിച്ച സംഭവത്തില്‍ കൂടുതല്‍ പേര് ഉടന്‍ പിടിയിലാകുമെന്ന് പോലീസ് വ്യക്തമാക്കി. കോടതി റിമാൻഡ് ചെയ്തവരെ കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിന് നടപടി സ്വീകരിക്കും. ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ട കൂട്ടത്തില്‍ കൂടുതല്‍ ആളുകളുടെ പങ്ക് കണ്ടെത്തുന്നതിന് ചോദ്യം ചെയ്യാനാണ് പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെടുന്നത്. പ്രതികളുടെയും സുഗതന്റെയും ഫോണ്‍ രേഖകള്‍ സൈബര്‍ സെല്ലിന്റെയും സഹായത്തോടെ പരിശോധിക്കുകയും ചെയ്യുന്നുണ്ട്.
കേസിൽ എഐവൈഎഫ് കുന്നിക്കോട് മണ്ഡലം സെക്രട്ടറി വിളക്കുടി മണ്ണൂര്‍കിഴക്കേതില്‍ വീട്ടില്‍ എം.എസ് ഗിരീഷ്(31), സിപിഐ ലോക്കല്‍ കമ്മിറ്റി അംഗവും, എഐവൈഎഫ് നേതാവുമായ ഇളമ്പല്‍ ചീവോട് പാലോട്ട്മേലേതില്‍ ഇമേഷ്(34), ചീവോട് സതീഷ് ഭവനില്‍ സതീഷ്(32) എന്നിവരാണ് അറസ്റ്റിലായി റിമാൻഡിലുള്ളത്. ബുധനാഴ്ച പുലര്‍ച്ചെ പത്തനാപുരം സിഐ എം. അന്‍വറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഗിരീഷിനെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി. ഇമേഷും,സതീഷും പുനലൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങുകയായിരുന്നു.
വർക്ഷോപ്പ് നിര്മക്കാനുദ്ദേശിച്ച സ്ഥലത്ത് കൊടികുത്തിയത് ഗിരീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. സംഭവത്തില്‍ പത്തോളം സിപിഐ-എഐവൈഎഫ് പ്രവര്‍ത്തകര്‍ക്കെതിരെ ആത്മഹത്യ പ്രേരണയ്ക്കാണ് കുന്നിക്കോട് പോലീസ് കേസെടുത്തത്. കൂടുതല്‍ പ്രതികള്‍ കീഴടങ്ങാന്‍ സാധ്യതയുളളതായും പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ പതിനാല് ദിവസത്തേക്കാണ് റിമാൻഡ് ചെയ്തിരിക്കുന്നത്.