പത്തനാപുരം:പഞ്ചായത്ത് സമിതിയുടെ ഉറപ്പ് പാഴായി;സുഗതന്റെ മക്കള്‍ക്ക് വര്‍ക് ഷോപ്പ് നിര്‍മ്മിക്കാന്‍ അനുമതിയില്ല. നിർമ്മാണത്തിലിരുന്ന വര്‍ക്ക്ഷോപ്പിന് മുന്നില്‍ ഇടതുയുവജനപ്രസ്ഥാനക്കാർ കൊടികുത്തിയതില്‍ മനംനൊന്ത് ജീവനൊടുക്കിയ പ്രവാസി സുഗതന്റെ കുടുംബത്തോടുളള അധികൃതരുടെ വാഗ്ദാനം ജലരേഖയായി മാറുകയാണ്.
ഒരുകാരണവശാലും വർക്ക്ഷോപ്പിന് ലൈസൻസ് നൽകില്ലന്ന വാശിയിലാണ് വിളക്കുടി പഞ്ചായത്ത് .താൽകാലിക അനുമതി ലഭിച്ചാൽ പോലും സ്റ്റോപ് മെമ്മോ നൽകി വർക്ക്ഷോപ്പ് പൂട്ടിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി ഭീഷണിപ്പെടുത്തിയതായി സുഗതന്റെമക്കള് ആരോപിക്കുന്നു. സുഗതന്റെമക്കളായ സുനിലും സുജിത്തും ലൈസൻസിനായി പഞ്ചായത്ത് ഓഫീസിൽ ഇന്നലെ രാവിലെ എത്തിയപ്പോഴാണ് പഞ്ചായത്ത് സെക്രട്ടറി പ്രവർത്തിക്കാനുളള അനുമതി നൽകാനാകില്ലെന്ന് പറഞ്ഞത്.
ഒരാഴ്ച മുമ്പ് പഞ്ചായത്ത് കമ്മറ്റികൂടി ലൈസൻസ് നൽകുമെന്ന് ഉറപ്പ് നൽകിയതിനെ തുടർന്നാണ് ഇന്നലെ ഇവർ എത്തിയത്. സെക്രട്ടറിയുടെ നടപടിയിൽ പ്രതിഷേധിച്ച് പഞ്ചായത്ത് ഓഫീസിന് മുന്നിൽ കുത്തിയിരുന്ന് സുനിലും സുജിത്തും രാത്രിവൈകിയും പ്രതിഷേധിച്ചു.അനുമതി കിട്ടിയാൽ മാത്രമേ സമരം അവസാനിപ്പിക്കൂവെന്നാണ് ഇവർ പറയുന്നത്.വിവിധ സംഘടനകൾ സഹായം നൽകിയും ലോണെടുത്തുമാണ് വർക്ക്ഷോപ്പിന്റെ നിർമ്മാണം പൂർത്തീകരിച്ചത്.
ലക്ഷങ്ങൾ ചിലവഴിച്ച് മെഷീൻ വാങ്ങി. കെട്ടിട നിർമ്മാണവും നടത്തി ലൈസൻസിനായി പഞ്ചായത്തിൽ അപേക്ഷ നൽകിയപ്പോഴാണ് അനുമതി നിഷേധിച്ച് വേട്ടയാടൽ നടത്തുന്നത്.2018 ഫെബ്രുവരി 23 നാണ് കൊല്ലം തിരുമംഗലം ദേശീയപാതയിൽ ഇളമ്പൽ പൈനാപ്പിൾ ജംഗ്ഷനിലെ നിർമ്മാണത്തിലിരുന്ന വർക്ക്ഷോപ്പിൽ പ്രവാസിയായ പുനലൂർ വാളക്കോട് സ്വദേശി സുഗതനെ (64)തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത് .
ഒരു പ്രമുഖ രാഷ്ട്രീയപാർട്ടിയുടെ യുവജന സംഘടനാ പ്രവർത്തകർ ഭീഷണിപെടുത്തിയതിനെ തുടർന്ന് സുഗതൻ ജീവനൊടുക്കുകയായിരുന്നു.സംഭവം വിവാദമായതോടെ മുഖ്യമന്ത്രിയടക്കമുളളവർ സഹായവാഗ്ദാനവുമായി എത്തിയെങ്കിലും പിന്നീട് കൈമലർത്തുകയാണുണ്ടായത്. ലോaണിനായി ബാങ്കുകളിൽ കയറിയിറങ്ങിയെങ്കിലും ഒരു രാഷ്ട്രീയ പാർട്ടി ഇടപെട്ട് അതും ഇല്ലാതെയാക്കി.
ഒടുവിൽ ഗ്ലോബൽ പ്രവാസി അസോസിയേഷൻ എന്ന സംഘടന നൽകിയ അഞ്ച് ലക്ഷം രൂപയും കടംവാങ്ങിയ അഞ്ച് ലക്ഷം രൂപയും കൊണ്ടാണ് വർക്ക്ഷോപ്പ് നിർമ്മാണം പൂർത്തീകരിച്ചത്. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയ സുഗതന്റെ മക്കളായ സുനിലും സുജിത്തും കഴിഞ്ഞ ഒരു വർഷമായി മറ്റ് ജോലിക്ക് പോകാതെ വർക്ക്ഷോപ്പിൻറെ പിറകെയാണ് .
വർക്ക്ഷോപ്പ് നടത്തിപ്പിനായി മൂന്ന് വർഷത്തേക്കാണ് ഭൂമി പാട്ടത്തിനെടുത്തത് .ഒരുവർഷം കഴിഞ്ഞിട്ടും പ്രവർത്തനം തുടങ്ങാനായിട്ടില്ല. ലൈസൻസിനുളള അനുമതി പരാമാവധി വൈകിപ്പിച്ച് വേട്ടയാടുന്നതിന് പിന്നിൽ സുഗതന്റെ മരണത്തിന് കാരണക്കാരായ രാഷ്ട്രീയ പാർട്ടിയുടെ ഇടപെടലാണെന്നാണ് പൊതുവെയുളള ആരോപണം.