പത്തനാപുരം: വാഹന വർക്ഷോപ്പ് നിർമിക്കുന്നതിനെതിരെ എഐവൈഎഫ് പ്രവർത്തകർ കൊടികുത്തിയതിൽ മനംനൊന്ത് ഇളമ്പലില്‍ പ്രവാസി തൂങ്ങിമരിച്ച സംഭവത്തില്‍ പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഫോണ്‍ രേഖകള്‍ പരിശോധിക്കും. പുനലൂര്‍ ഐക്കരക്കോണം വാഴമണ്‍ ആലിന്‍കീഴില്‍ വീട്ടില്‍ സുഗതനാ(64)ണ് വര്‍ക്ക്ഷോപ്പ് നിര്‍മാണ സ്ഥലത്ത് ആത്മഹത്യ ചെയ്തത്. ജീവനൊടുക്കിയ പ്രവാസി സുഗതന്റെയും നിലവില്‍ പ്രതി ചേര്‍ക്കപ്പെട്ട സിപിഐ, എഐവൈഎഫ് പ്രവര്‍ത്തകരുടെയും ഫോണ്‍രേഖകളാണ് പരിശോധിക്കുക.
സംഭവത്തിൽ വലിയ പ്രതിഷേധങ്ങൾ ഉയർന്നതിനെ തുടര്‍ന്ന് സിപിഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കാന്‍ പോലീസ് നിര്‍ബന്ധിതരാകുകയായിരുന്നു. തിങ്കളാഴ്ച വൈകുന്നേരം വരെ സിപിഐ, എഐവൈഎഫ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കാന്‍ തെളിവില്ലെന്ന് പറഞ്ഞ പോലീസ് വൈകിട്ടോടെയാണ് കേസ് രജിസ്റ്റർ ചെയ്തത്. ആത്മഹത്യ പ്രേരണക്കുറ്റമാണ് പ്രതികൾക്കെതിരേ ചുമത്തിയിരിക്കുന്നത്. എഐവൈഎഫ് നേതാവ് കോട്ടവട്ടം സ്വദേശി ഇമേഷ് (30) ആണ് ഒന്നാം പ്രതി.
സുഗതന്റെ മരണത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയ കുന്നിക്കോട് എസ്ഐ ഗോപകുമാര്‍ പത്തനാപുരം സര്‍ക്കിളിന് നല്കിയ റിപ്പോര്‍ട്ടിലാണ് സിപിഐ നേതാക്കളുടെ പങ്ക് വ്യക്തമാകുന്നത് . ഇതോടെ പാര്‍ട്ടിയും യുവജന സംഘടനയും ഒരേപോലെ വെട്ടിലായി. നിലവില്‍ പത്തനാപുരം സര്‍ക്കിള്‍ അന്‍വറിനാണ് അന്വേഷണച്ചുമതല. സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കഴിഞ്ഞ ദിവസം അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.