പത്തനാപുരം: നിർമാണത്തിലിരുന്ന വര്‍ക്ക്ഷോപ്പിന് മുന്നില്‍ ഇടത് യുവജന സംഘടനാ പ്രവര്‍ത്തകര്‍ കൊടി കുത്തിയതില്‍ മനംനൊന്ത് ജീവനൊടുക്കിയ പ്രവാസിയുടെ കുടുംബത്തിന് ഇനിയും നീതിലഭിച്ചില്ല. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുളളവർ സഹായം വാഗ്ദാനം ചെയ്ത് മാസങ്ങള്‍ കഴിഞ്ഞിട്ടും വർക്ക്ഷോപ്പ് തുടങ്ങാനാകാതെ നെട്ടോട്ടമോടുകയാണ് ഈ കുടുംബം.
ലോണിനായി ബാങ്കുകളില്‍ കയറി ഇറങ്ങിയിട്ടും അവഗണന മാത്രമാണ് ഫലമെന്നും ഒരു രാഷ്ട്രീയപാർട്ടി തങ്ങളെ പിൻതുടർന്നു ദ്രോഹിക്കുകയാണന്നും സുഗതന്റെ മകന് സുനില്‍ പറയുന്നു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമടക്കം സഹായ വാഗ്ദാനം നൽകിയ ജനപ്രതിനിധികളും സർക്കാരും കൈമലർത്തിയതോടെയാണ് കുടുംബം തീർത്തും ദുരിതത്തിലായത്.
കഴിഞ്ഞ ഫെബ്രുവരി 23 നാണ് കൊല്ലം- തിരുമംഗലം ദേശീയപാതയിൽ ഇളമ്പൽ പൈനാപ്പിൾ ജംഗ്ഷനിലെ നിർമാണത്തിലിരുന്ന വർക്ക്ഷോപ്പിൽ പ്രവാസിയായ പുനലൂർ വാളക്കോട് സ്വദേശി സുഗതനെ (64) തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. നിലവിൽ വിളക്കുടി പഞ്ചായത്തിൽ നിന്നും മൂന്നു വർഷത്തേക്കുള്ള ലൈസൻസും വൈദ്യുതി കണക്ഷനും മാത്രമാണു ഇതുവരെ ലഭിച്ചട്ടുളളത്.
ബാങ്കിൽ നിന്നു നോർക്കയുടെ ലോൺ ശരിയായെന്നു പറഞ്ഞ് അറിയിപ്പ് വന്നെങ്കിലും ആരോ ഇടപെട്ട് അതും ഇല്ലാതാക്കിയത്രെ. ലോൺ ലഭിച്ചില്ലെങ്കിൽ പണം പലിശക്ക് കടം വാങ്ങി വർക്ക്ഷോപ്പ് നിർമിക്കാനുളള തയാറെടുപ്പിലാണ് സുഗതന്റെ കുടുംബം.
മരണവുമായി ബന്ധപ്പെട്ട് മൂന്ന് സിപിഐ, എഐവൈഎഫ് പ്രവർത്തകരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു . ജാമ്യത്തിലിറങ്ങിയ പ്രതികളെ സിപിഐ നേതൃത്ത്വം പൂമാലയിട്ട് സ്വീകരിച്ച് ജാഥ നടത്തിയതും ഏറെ വിവാദമായിരുന്നു.