കുന്നിക്കോട്: ജീവനൊടുക്കിയ പ്രവാസി സുഗതന്റെ വര്‍ക്ക് ഷോപ്പിന് ലൈസന്‍സ് നല്‍കാനാവില്ലെന്നും ഉടന്‍ പൊളിച്ച് മാറ്റണമെന്നും വിളക്കുടി പഞ്ചായത്തിന്റെ അന്ത്യശാസനം.
ലൈസന്‍സ് നല്‍കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പും നടക്കാതായതോടെ എട്ട് ലക്ഷത്തിലധികം രൂപ ചിലവഴിച്ച് നിര്‍മിച്ച ഏക ഉപജീവന മാര്‍ഗം പൊളിച്ചു മാറ്റാനൊരുങ്ങുകയാണ് സുഗതന്റെ കുടുംബം.
വര്‍ക്ക്ഷോപ്പിന്റെ പ്രവര്‍ത്തനം നല്ല രീതിയില്‍ മുന്നോട്ട് പോകുന്നതിനിടെയാണ് മനുഷ്യത്വ രഹിതമായ നടപടിയുമായി അധികൃതര്‍ രംഗത്തെത്തിയത്.ആറ് മാസത്തേക്കുളള വസ്തുവിന്റെ കരം തുകയായ ഒന്പതിനായിരത്തി എഴുന്നൂറ് രൂപ പഞ്ചായത്ത് ഓഫീസിൽ അടച്ച് ശേഷമാണ് വൈദ്യുതിക്കാവശ്യമായ കെട്ടിട നമ്പർ നല്‍കിയത്.
നികുതിയിനത്തില്‍ നല്‍കാനുളള ഇരുപതിനായിരത്തിലധികം രൂപാ അടച്ച് വര്‍ക്ക്ഷോപ്പിന്റെ പ്രവര്‍ത്തനം ഉടന്‍ തന്നെ നിര്‍ത്തണമെന്നാണ് പഞ്ചായത്തിന്റെ നിര്‍ദേശം. ഒപ്പമുണ്ടാകുമെന്ന് കരുതിയ സര്‍ക്കാരും കൈമലര്‍ത്തിയതോടെ സുഗതന്റെ കുടുംബം തീർത്തും ദുരിതത്തിലാണ്.
2018 ഫെബ്രുവരി 23നാണ് കൊല്ലം തിരുമംഗലം ദേശീയപാതയിൽ ഇളമ്പൽ പൈനാപ്പിൾ ജംഗ്ഷനിലെ നിർമാണത്തിലിരുന്ന വർക്ക്ഷോപ്പിൽ പ്രവാസിയായ പുനലൂർ വാളക്കോട് സ്വദേശി സുഗതനെ (64) മരിച്ച നിലയിൽ കാണപ്പെട്ടത്. വര്‍ക്ക് ഷോപ്പ് നടത്തുന്നതിനായി നിര്‍മിച്ച ഷെഡില്‍ തൂങ്ങി മരിക്കുകയായിരുന്നു.
പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തി പുതിയ സംരംഭം തുടങ്ങുന്നതിനായി നിര്‍മിച്ച വര്‍ക്ക്ഷോപ്പില്‍ പണം ആവശ്യപ്പെട്ട് സിപിഐ പ്രവര്‍ത്തകര്‍ കൊടികുത്തിയതിനെ തുടര്‍ന്നാണ് സുഗതന് ജീവനൊടുക്കേണ്ടി വന്നത്.
അച്ഛന്റെ മരണത്തോടെ വര്‍ക്ക്ഷോപ്പ് എന്ന സ്വപ്നം ഉപേക്ഷിച്ച സുഗതന്റെ മക്കള്‍ മുഖ്യമന്ത്രിയുടെ വാക്ക് വിശ്വസിച്ചാണ് വീണ്ടും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി മുന്നിട്ടിറിങ്ങിയത്. ഇതിന്റെ പേരില്‍ കുറേ സാമ്പത്തിക ബാധ്യതയും അപമാനവും അല്ലാതെ മറ്റൊന്നും ഈ കുടുംബത്തിന് ലഭിച്ചില്ല.
പിതാവിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ മുറിവുണങ്ങും മുന്‍പേ സ്വപ്നങ്ങള്‍ ബാക്കിയാക്കി ഏക വരുമാനമാര്‍ഗ്ഗമായ പൊളിച്ചു മാറ്റാനൊരുങ്ങുകയാണ് സുഗതന്റെ കുടുംബം.