പത്തനാപുരം: ആത്മഹത്യ ചെയ്ത പ്രവാസി സംരംഭകനായ സുഗതന്റെ വര്‍ക്ക്ഷോപ്പ് നിര്‍മാണത്തിന് ശിലയിട്ടു. കശുവണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹൻ കല്ലിടീൽകർമം നിർവഹിച്ചു.
പ്രവാസി വെൽഫയർ അസോസിയേഷനും വിശ്വകർമ്മ സമുദായ കൂട്ടായ്മയും ചേർന്നാണ് നിർമാണ പ്രവർത്തനങ്ങൾക്ക് സഹായം നൽകുന്നത്. വിളക്കുടി ഗ്രാമപഞ്ചായത്തിൽ ഇളമ്പൽ ജംഗ്ഷന് സമീപം വർക് ഷോപ്പ് തുടങ്ങാൻ പ്രവാസിയായിരുന്ന സുഗതന് ഷെഡ് നിർമിച്ചപ്പോൾ വയൽ നികത്തിയ സ്ഥലമാണെന്ന് ആരോപിച്ച് എ ഐ വൈ എഫ് പ്രവര്‍ത്തകര്‍ കൊടിനാട്ടിയിരുന്നു.
ഇതിനെ തുടര്‍ന്ന് ഫെബ്രുവരി 23 ന് സുഗതന് ഷെഡിനുള്ളില്‍ തൂങ്ങിമരിക്കുകയായിരുന്നു. പ്രാദേശികമായി സി പി എം സി പി ഐ ബന്ധം ആരോപണപ്രത്യാരോപണങ്ങളുമായി വഷളാകുകയും ചെയ്തു. ഏതാനും എ ഐ വൈ എഫ് പ്രവര്‍ത്തകര്‍ പ്രതികളായി റിമാൻഡിലാകുകയും ചെയ്തു.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് നികത്തപ്പെട്ട ഡേറ്റാ ബാങ്കില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത പ്രദേശവാസിയുടെ സ്ഥലം പാട്ടത്തിനെടുത്ത് വര്‍ക്ക്ഷോപ്പ് തുടങ്ങാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെയാണ് എ ഐ വൈ എഫ് പ്രവര്‍ത്തകര്‍ പണം ആവശ്യപ്പെട്ട് കൊടി നാട്ടിയത്.
നിര്‍മാണത്തിലിരുന്ന ഷെഡിന് സമീപം പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തി കൊടികുത്തിയതില്‍ മനോവിഷമത്തിലാണ് ഉടമയായ ഐക്കരകോണം വാഴമണ്‍ ആലുവിള വീട്ടില്‍ സുഗതന് തൂങ്ങിമരിച്ചത്. ഇതാണ് മരണത്തിലേക്ക് നയിച്ചത് എന്നാണ് പോലീസിന്റെ കണ്ടെത്തല്‍. മുഖ്യമന്ത്രിയടക്കം തന്ന വാഗ്ദാനങ്ങൾ പാലിക്കപ്പെട്ടിടില്ലെന്ന് മക്കൾ പറയുന്നുണ്ട്. അച്ഛന്റെ ആഗ്രഹം സഫലമാക്കാൻ കഴിഞ്ഞാൽ ഞങ്ങൾക്ക് സന്തോഷമാകുമെന്നും പറഞ്ഞു.
ഭുവനാത്മനന്ദ, പഞ്ചായത്ത് പ്രസിഡന്റ് സി.വിജയൻ,വിശ്വകർമ്മ സമുദായ കൂട്ടായ്മ സംസ്ഥാന രക്ഷാധികാരി വി.രാജേന്ദ്രൻ, എം.ആർ മുരളി, വി.ഗോപാലകൃഷണൻ,അനുരാജ്,മോഹൻ, റോയി മാത്യു എന്നിവർ പ്രസംഗിച്ചു.