കറാച്ചി: ചൈനീസ് കോൺസുലേറ്റിനു നേർക്കുണ്ടായ ഭീകരാക്രമണം ചെറുക്കാൻ നേതൃത്വം നല്കിയ അസിസ്റ്റന്റ് സൂപ്രണ്ട് സുഹായ് അസീസ് തല്പുർ ഒറ്റ ദിവസംകൊണ്ടു പാക്കിസ്ഥാനിലെ വീരപുത്രിയായി. ഇതിൽ ഏറ്റവും കൂടുതൽ അഭിമാനിക്കുന്നതു സുഹായിയുടെ പിതാവ് അസീസ് തല്പുറും.
ചൈനയുടെ നിക്ഷേപപദ്ധതികളെ എതിർക്കുന്ന ബലൂച് വിമോചനസേന(ബിഎൽഎ) വെള്ളിയാഴ്ച രാവിലെയാണ് കോൺസുലേറ്റ് ആക്രമിച്ചത്. ആയുധശേഖരവും ഭക്ഷണവും മരുന്നുമൊക്കെയായി വലിയ ആക്രമണത്തിനു പദ്ധതിയിട്ടാണ് ഭീകരർ വന്നത്.
കോൺസുലേറ്റ് ഉൾപ്പെടുന്ന ക്ലിഫ്ടൻ മേഖലയുടെ മേൽനോട്ടം സുഹായിക്കാണ്. സ്ഫോടനശബ്ദം കേട്ടു സുഹായിയുടെ നേതൃത്വത്തിൽ പോലീസ് കുതിച്ചെത്തി കവാടത്തിൽവച്ചുതന്നെ നേരിട്ടതിനാൽ ഭീകരർക്കു കോൺസുലേറ്റിനുള്ളിൽ കടക്കാനായില്ല. ആക്രമണത്തിൽ മൂന്നു ഭീകരരും രണ്ടു പോലീസുകാർ അടക്കം നാലു പേരും കൊല്ലപ്പെട്ടു.
സിന്ധ് പ്രവിശ്യയിലെ ഭായ് ഖാൻ തൽപുർ ഗ്രാമത്തിലെ താഴ്ന്ന കുടുംബത്തിലാണു സുഹായി ജനിച്ചത്. അച്ഛൻ അസീസ് രാഷ്ട്രീയപ്രവർത്തകനും എഴുത്തുകാരനുമാണ്. മകളെ വലിയ നിലയിലെത്തിക്കാനായി സ്വകാര്യ സ്കൂളിൽ ചേർത്തതിന്റെ പേരിൽ ഈ കുടുംബത്തെ ബന്ധുക്കൾ ഒന്നാകെ ഒറ്റപ്പെടുത്തിയിരുന്നു. മതവിദ്യാഭ്യാസം മാത്രം മതിയെന്നാണു ബന്ധുക്കൾ അഭിപ്രായപ്പെട്ടത്.
ചാർട്ടേഡ് അക്കൗണ്ടൻസി പാസായ സുഹായ്, സാമൂഹ്യപ്രതിബദ്ധതയുള്ള ജോലിക്കായി സിവിൽ സർവീസസ് പരീക്ഷ എഴുതി പോലീസിൽ ചേരുകയായിരുന്നുവെന്നു പിതാവ് പറഞ്ഞു.