മട്ടന്നൂര്‍: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറിയായ എടയന്നൂരിലെ എസ്.പി. ശുഹൈബി (29) നെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ പങ്ക് വ്യക്തമാക്കുന്ന മൊഴി അറസ്റ്റിലായവരിൽ നിന്നും ലഭിച്ചു.
കൊലപാതകവുമായി ബന്ധപ്പെട്ട്മു ഴുവൻ പ്രതികളെയും അന്വേഷണസംഘം തിരിച്ചറിഞ്ഞു. ഇന്നലെ അറസ്റ്റിലായ സിപിഎം പ്രവർത്തകരും ആർഎസ്എസ് പ്രവർത്തകനായ തില്ലങ്കേരിയിലെ ബിനീഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളുമായ തില്ലങ്കേരി വഞ്ഞേരിയിലെ എം.പി. ആകാശ് (24), മുടക്കോഴി മലയ്ക്ക് സമീപത്തെ കരുവള്ളിയിലെ റിജിൻ രാജ് (24) എന്നിവരെ ഇന്നു മട്ടന്നൂർ ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.
ഇന്നലെ രാവിലെ ഏഴോടെ ഇരുവരെയും മുടക്കോഴി മലയിൽ വച്ചു കസ്റ്റഡിയിലെടുത്തതിനെ തുടർന്നു രാത്രി 10.30നു പോലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്ന് രണ്ട്ഡിവൈഎഫ്ഐ
പ്രാദേശിക നേതാക്കളുടെ നിർദേശപ്രകാരമാണ് ശുഹൈബിനെ വെട്ടി പരിക്കേല്പിക്കാൻ തീരുമാനിച്ചതെന്നാണ് മൊഴി ലഭിച്ചിരിക്കുന്നത്. ആകാശും റിജിൻ രാജും ഉൾപ്പെടെ അഞ്ചംഗസംഘമാണ് ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്താൻ നേരിട്ട് പങ്കെടുത്തതെന്ന് പോലീസ് അറിയിച്ചു.
മൊത്തം 12 സിപിഎം പ്രവർത്തകർ ഈ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. ഒരു സംഘം ശുഹൈബിനെ ആക്രമിക്കാൻ ആകാശിനെയും റിജിൻ രാജിനെയും വന്നു കാണുകയും കൃത്യം ഏൽപ്പിക്കുകയുമായിരുന്നുവത്രെ. തില്ലങ്കേരി സ്വദേശികളായ മൂന്നു പേരും മറ്റു സ്ഥലങ്ങളിലെ രണ്ടു പേരും ചേർന്നു വാഗണർ കാറിൽ എടയന്നൂർ തെരൂരിലെത്തി ശുഹൈബിനെ ആക്രമിക്കുകയായിരുന്നുവെന്നു പിടിയിലായവർ അന്വേഷണ ഉദ്യോഗസ്ഥർക്ക് മൊഴി നൽകി.
ആകാശും റിജിൻ രാജും മറ്റൊരാളും ശുഹൈബിനെ വെട്ടുകയും ഒരാൾ ആരെങ്കിലും വരുന്നുണ്ടോയെന്നു നോക്കാനും ഒരാൾ കാറിൽ ഡ്രൈവറായി ഇരിക്കുകയുമായിരുന്നുവത്രെ. കൃത്യം നിർവഹിച്ചതിനു ശേഷം കാറിൽ രക്ഷപ്പെട്ട പ്രതികൾ വിവിധ സ്ഥലങ്ങളിൽ ഒളിവിൽ താമസിച്ചു വരുന്നതിനിടെയാണ് രണ്ടു പേർ പിടിയിലായത്.
കഴിഞ്ഞ മാസം 12നു എടയന്നൂരിൽ സിപിഎം-കോൺഗ്രസ് സംഘർഷത്തിന്റെ തുടർച്ചയാണ് ശുഹൈബിനെ ആക്രമിച്ചു കൊലപ്പെടുത്തിയത്.
2016 സെപ്റ്റംബറിൽ തില്ലങ്കേരിയിലെ ആർ എസ് എസ് പ്രവർത്തകനായ ബിനീഷിനെ കൊലപ്പെടുത്തിയ സമാന രീതിയിലാണ് ശുഹൈബിനെയും കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്. ശുഹൈബിന്റെ കാലും കൈയും വെട്ടാനാണ് നിർദേശമുണ്ടായതെന്നും പിടിയിലായവർ പോലീസിനു മൊഴി നൽകിയതായതാണ് അറിയുന്നത്. അറസ്റ്റിലായവർക്ക് പുറമെ ഏതാനും പ്രതികൾ കൂടി കസ്റ്റഡിയിലുണ്ടെന്നാണ് സൂചന.
കഴിഞ്ഞ തിങ്കളാഴ്ച രാത്രി എടയന്നൂര്‍ തെരൂര്‍ തട്ടുക്കടയില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനിടെയാണ് ശുഹൈബിനെ കാറിലെത്തിയ സംഘം ബോംബ് എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു വെട്ടിക്കൊലപ്പെടുത്തിയത്.