തിരുവനന്തപുരം: യൂത്ത്കോൺഗ്രസ് പ്രവർത്തകനായിരുന്ന ശുഹൈബിന്‍റെ കൊലപാതകത്തിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സർക്കാർ നിയമസഭയെ വീണ്ടും അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കേസിൽ പോലീസിന്‍റെ അന്വേഷണം തൃപ്തികരമാണെന്നും കൂടുതല്‍ പ്രതികളെ അറസ്റ്റ് ചെയ്യാനുണ്ടെങ്കില്‍ അതുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതികളുടെ മേല്‍ യുഎപിഎ ചുമത്തേണ്ട സാഹചര്യമില്ലെന്നു പറഞ്ഞ മുഖ്യമന്ത്രി.
പോലീസ് അന്വേഷണത്തിൽ ഇടപെടാൻ ആരെയും അനുവദിക്കില്ലെന്നും കൂട്ടിച്ചേർത്തു. എൽഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കണ്ണൂരില്‍ മാത്രം ഒൻപത് രാഷ്ട്രീയ കൊലപാതകങ്ങളാണ് ഉണ്ടായിട്ടുള്ളതെന്നും ഇതില്‍ ബിജെപി, സിപിഎം, എസ്ഡിപിഐ പ്രവര്‍ത്തകരാണ് പ്രതിപ്പട്ടികയില്‍ ഉള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ കേസുകളിലും അന്വേഷണം പുരോഗമിക്കുകയാണെന്നു പറഞ്ഞ പിണറായി സംസ്ഥാനത്ത് പൊതുവേ രാഷ്ട്രീയ കൊലപാതകങ്ങള്‍ കുറച്ചു കൊണ്ടുവരാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തെ രാഷ്ട്രീയകൊലപാതകങ്ങളുടെ അന്വേഷണം സംബന്ധിച്ച് പോലീസിന് വ്യക്തമായ നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർക്ക് സ്വതന്ത്രമായി പ്രവർത്തിക്കാമെന്നും പറഞ്ഞ മുഖ്യമന്ത്രി രാഷ്ട്രീയ അക്രമങ്ങൾ തടയുന്നതിന് ആവശ്യമെങ്കിൽ നിയമം ഭേദഗതി ചെയ്യുമെന്നും അറിയിച്ചു.