മട്ടന്നൂർ: പോലീസ് നടത്തുന്ന അന്വേഷണത്തിൽ തൃപ്തിയും വിശ്വാസവുമില്ലെന്ന് എടയന്നൂരിൽ കൊല്ലപ്പെട്ട യൂത്ത്കോൺഗ്രസ് നേതാവ് ശുഹൈബിന്റെ കുടുംബം. പ്രതികളെ പിടികൂടാത്ത സാഹചര്യത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഉടൻ കോടതിയെ സമീപിക്കുമെന്നും ശുഹൈബിന്റെ പിതാവ് സി.പി.മുഹമ്മദ് ദീപികയോട് പറഞ്ഞു.
ശുഹൈബ് കൊല്ലപ്പെട്ട് നാലു ദിവസത്തിനുശേഷമാണ് വീട്ടിലേക്ക് വരാൻ പോലീസ് തയാറായത്. മൊഴി രേഖപ്പെടുത്താതെ പ്രാഥമിക വിവരങ്ങൾ ചോദിച്ചറിഞ്ഞശേഷം പോലീസ് മടങ്ങുകയായിരുന്നു. വിശ്വാസയോഗ്യമായ നടപടികളൊന്നും ഇതുവരെ പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും മുഹമ്മദ് പറഞ്ഞു.
രോഗികളായ മാതാപിതാക്കളും മൂന്ന് ഇളയ സഹോദരിമാരും അടങ്ങുന്ന കുടുംബത്തിന്റെ അത്താണിയാണ് ശുഹൈബിന്റെ മരണത്തോടെ ഇല്ലാതായത്. തനിക്ക് ഭീഷണിയുണ്ടെന്ന് ശുഹൈബ് പറഞ്ഞിട്ടുണ്ട്. ഭീഷണി സംബന്ധിച്ച കൂടുതൽ കാര്യങ്ങൾ സുഹൃത്തുക്കളോടാണ് ശുഹൈബ് പങ്കുവയ്ക്കാറുണ്ടായിരുന്നത്.
നാട്ടുകാരുടെ എല്ലാ കാര്യങ്ങൾക്കും ഓടിനടന്നുകൊണ്ടിരുന്ന ശുഹൈബിന് രാഷ്ട്രീയത്തിൽ മാത്രമാണ് ശത്രുക്കളുണ്ടായിരുന്നതെന്നും മുഹമ്മദ് പറഞ്ഞു. ഭീഷണി ഉണ്ടായിരുന്നെങ്കിലും ശുഹൈബ് ഈരീതിയിൽ കൊല്ലപ്പെടുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് സഹോദരി ഷർമിന പറഞ്ഞു.