ന്യൂഡൽഹി: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ മുൻ ടെലിവിഷൻ അവതാരകൻ സുഹൈബ് ഇല്യാസിയെ ഡൽഹി ഹൈക്കോടതി വെറുതെ വിട്ടു. കേസിൽ ജീവപര്യന്തം ശിക്ഷയും രണ്ടു ലക്ഷം രൂപ പിഴയും വിധിച്ച ഡൽഹി അഡീഷണൽ സെഷൻസ് കോടതി വിധിക്കെതിരേ ഇല്യാസി നൽകിയ അപ്പീലിലാണ് പുതിയ വിധി.
2000 ജനുവരി 10നാണ് ഇല്യാസിയുടെ ഭാര്യ അഞ്ജുവിനെ ഡൽഹിയിലെ മയൂർ വിഹാറിലുള്ള അവരുടെ ഫ്ളാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തുന്നത്. അഞ്ജു ആത്മഹത്യക്കു ശ്രമിച്ചെന്നും എത്രയും വേഗം ആശുപത്രിയിലെത്തിക്കാൻ സഹായിക്കണമെന്നും ആവശ്യപ്പെട്ട് പോലീസ് സഹായം തേടിയത് ഇല്യാസി തന്നെയായിരുന്നു.
അഞ്ജുവിനെ ആദ്യം അടുത്തുള്ള നഴ്സിംഗ് ഹോമിലും തുടർന്ന് എയിംസിലും പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ശരീരത്തിലെ മുറിവുകളിൽനിന്ന് അമിതമായി രക്തം വാർന്നാണു മരണം സംഭവിച്ചതെന്ന് മെഡിക്കൽ റിപ്പോർട്ടുകൾ വ്യക്തമാക്കി. കത്തി ഉപയോഗിച്ച് അഞ്ജു സ്വയം മുറിവേൽപ്പിക്കുകയായിരുന്നു എന്നാണ് ഇല്യാസി മൊഴി നൽകിയത്. സംഭവം ആത്മഹത്യ എന്നു വിധിയെഴുതി പോലീസ് കേസ് നടപടികൾ അവസാനിപ്പിച്ചു.
പിന്നീട്, അഞ്ജുവിന്റെ മരണം കൊലപാതകമാണെന്നു കാട്ടി സഹോദരി രശ്മി പോലീസിൽ പരാതി നൽകി. മരിക്കുന്നതിനു മുന്പ് അവസാനമായി അഞ്ജു ഫോണിൽ സംസാരിച്ചത് രശ്മിയോടായിരുന്നു. സ്ത്രീധനം ചോദിച്ച് ഇല്യാസി അഞ്ജുവിനെ ശല്യപ്പെടുത്താറുണ്ടായിരുന്നെന്നും അവരുടെ കുടുംബജീവിതം പ്രശ്നങ്ങൾ നിറഞ്ഞതായിരുന്നുവെന്നും രശ്മി പറഞ്ഞു. ഇല്യാസി അഞ്ജുവിനെ ഉപദ്രവിക്കുന്നതിന് മുന്പൊരിക്കൽ താൻ സാക്ഷിയായിട്ടുണ്ടെന്നും രശ്മി അറിയിച്ചു.
തുടർന്ന് അന്വേഷണങ്ങൾക്കൊടുവിൽ സ്ത്രീപീഡനം, മാനസികപീഡനം, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി ഇല്യാസിയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അഞ്ജു കൊല്ലപ്പെട്ട് 17 വർഷങ്ങൾക്കു ശേഷമാണ് കേസിൽ ഇല്യാസിയെ കുറ്റക്കാരനാക്കി ശിക്ഷ വിധിച്ചത്.
1990കളിലെ ജനപ്രിയ ടിവി പരിപാടിയായ ഇന്ത്യാസ് മോസ്റ്റ് വാണ്ടഡ് എന്ന പരിപാടിയുടെ പ്രൊഡ്യൂസറും അവതാരകനുമായിരുന്നു ഇല്യാസി. കുറ്റവാളികളെ കണ്ടെത്താൻ പോലീസിനെ സഹായിക്കുന്ന ടെലിവിഷൻ ഷോ എന്ന രീതിയിലാണ് ഇന്ത്യാസ് മോസ്റ്റ് വാണ്ടഡ് സംപ്രേക്ഷണം ചെയ്തിരുന്നത്. സംവിധായകനും നിർമാതാവും അവതാരകനും സുഹൈബ് ഇല്യാസിയായിരുന്നു.