ആലപ്പുഴ: സുഹൈൽ വധശ്രമവുമായി ബന്ധപ്പെട്ട് കേസ് അട്ടിമറിക്കാനുള്ള സിപിഎം നേതാക്കളുടെ ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണ് നവമാധ്യമങ്ങളിൽ തനിക്കെതിരേ അടിസ്ഥാനരഹിത വിവാദങ്ങൾ സൃഷ്ടിക്കുന്നതെന്ന് യൂത്ത് കോണ്ഗ്രസ് കറ്റാനം മണ്ഡലം പ്രസിഡന്റ് മുഹമ്മദ് ഇക്ബാൽ പത്രസമ്മേളനത്തിൽ ആരോപിച്ചു.
നവമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന പരാതി വ്യാജമാണെന്നും അതിലെ ഒപ്പ് തന്റേതല്ലെന്നും അദ്ദേഹം വിശദീകരിച്ചു. മണ്ഡലം കോണ്ഗ്രസ് കമ്മിറ്റി തീരുമാനം അനുസരിച്ച് നിയമ നടപടി സ്വീകരിക്കും. കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതികൾക്കു പോലും മുൻകൂർ ജാമ്യം ലഭിച്ചത് ഹൈക്കോടതിയിലെ സർക്കാർ അഭിഭാഷകന്റെ വീഴ്ചയാണ്.
ഇതിനെതിരേ കോടതിയിൽ പ്രത്യേക കേസ് നൽകി. കേസിലെ ഒന്നാം പ്രതി തന്നെ അക്രമിക്കുമെന്ന് ഭീഷണി മുഴക്കിയ സാഹചര്യത്തിൽ മേയ് ഏഴിന് മുഖ്യമന്ത്രി, ഡിജിപി, ജില്ലാ പോലീസ് മേധാവി, വള്ളികുന്നം സിഐ എന്നിവർക്ക് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് നൽകിയ പരാതിയിൽ നടപടി എടുക്കാത്തതിനാൽ വിഷയത്തിൽ കെപിസിസി പ്രസിഡന്റ് ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഇമെയിൽ അയച്ചു.
കെപിസിസി നേതാവിന് എതിരേ പരാതി നൽകിയെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. സുഹൈലിനെ അക്രമിച്ച സംഭവത്തിൽ കെപിസിസിയും ഡിസിസിയും പൂർണസഹായമാണ് നൽകിയിട്ടുള്ളത്. ജനങ്ങളിൽ ആശയക്കുഴപ്പം ഉണ്ടാക്കാനാണ് ചില കേന്ദ്രങ്ങൾ ശ്രമിക്കുന്നതെന്നും മുഹമ്മദ് ഇക്ബാൽ പറഞ്ഞു.
തന്നെ അക്രമിച്ചത് ക്വട്ടേഷൻ സംഘമല്ലെന്നും പ്രദേശത്തെ സിപിഎം-ഡിവൈഎഫ് ഐ നേതാക്കളാണെന്നും വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത അക്രമത്തിന് ഇരയായ സുഹൈൽ പറഞ്ഞു. നിഷ്പക്ഷവും നീതിപൂർവമായ അന്വേഷണമാണ് ആവശ്യം.
സത്യസന്ധമായി അന്വേഷണം നടത്തിയ പോലീസ് ഉദ്യോഗസ്ഥൻമാരെ സ്ഥലംമാറ്റാനുള്ള നീക്കം കേസ് അട്ടിമറിക്കാനാണ്. ബൂത്തു തലംമുതൽ കെപിസിസി വരെയുള്ള കോണ്ഗ്രസ് നേതാക്കൾ ഒറ്റക്കെട്ടായി സഹായിച്ചിട്ടുണ്ടെന്നും നവമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനു പിന്നിൽ സിപിഎം ആണെന്നും സുഹൈൽ പറഞ്ഞു.