പ്രേക്ഷക ഹൃദയങ്ങളില്‍ മായാത്ത മുദ്രകള്‍ അവശേഷിപ്പിച്ചവരാണ് എണ്‍പതുകളിലെ നായികമാര്‍.
ഉര്‍വശി, ശോഭന, അംബിക, പൂര്‍ണിമ ജയറാം, മേനക, ജലജ, സുഹാസിനി, രേവതി, ശാന്തികൃഷ്ണ, പാര്‍വതി, സുമലത, കാര്‍ത്തിക, നദിയ മൊയ്തു തുടങ്ങിയ സൂപ്പര്‍ നായികമാര്‍…..
എഴുപതുകളുടെ മധ്യഘട്ടത്തിലും ഒടുക്കത്തിലും മയില്‍പ്പീലിയുടെ തഴുകല്‍പോലെ വന്നുപോയ ശോഭ, സറീന വഹാബ് തുടങ്ങിയ നായികമാരും ഇന്നും പ്രേക്ഷക മനസില്‍ ജീവിക്കുന്നവരാണ്.
അഭിനയസിദ്ധിയ്ക്കൊപ്പം തന്നെ ഈ നായികമാരെ ശ്രദ്ധേയമാക്കിയ മറ്റു ചില ഘടകങ്ങളുണ്ട്.
വളരെ വേറിട്ടു നിന്ന അവരുടെ വസ്ത്രധാരണ രീതി, ഹെയര്‍ സ്റ്റൈല്‍, ചമയം, പ്രത്യേക രീതിയിലെ മേക്കപ്പ് തുടങ്ങിയവയാണത്.
ശോഭയുടെ ശാലിനിയും, സുമലതയുടെ ക്ലാരയും, നദിയ മൊയ്തുവിന്റെ ഗേളിയും സുഹാസിനിയുടെ ആലിസ് ടീച്ചറും പിന്നെ അംബിക നിറം പകര്‍ന്ന ഇരുപതാം നൂറ്റാണ്ടിലെ പത്രപ്രവര്‍ത്തക അശ്വതി വര്‍മയും ചില ഉദാഹരണങ്ങളാണ്.
തൊണ്ണൂറുകളിലും രണ്ടായിരമാണ്ടിലും മലയാള സിനിമാരംഗം കീഴടക്കി ഒട്ടനവധി അനുഗൃഹീത നായിക നടിമാരുണ്ട്.
അഭിനയ ലോകത്ത് ഇന്നും ലേഡി സൂപ്പര്‍ സ്റ്റാറായി വിരാജിക്കുന്ന മഞ്ജുവാര്യര്‍ ഉള്‍പ്പെടെയുള്ള നായികമാരാണിവര്‍. എന്നാല്‍ ഇവര്‍ ആരും തന്നെ സ്വന്തം ശൈലി സൃഷ്ടിച്ചിട്ടുള്ളവരല്ല എന്നു കൂടി പറയേണ്ടിവരും.
കഥാപാത്രങ്ങള്‍ക്കു അനുസരിച്ചുള്ള ഗെറ്റപ്പുകളാണ് എണ്‍പതുകള്‍ക്കു ശേഷം വന്ന നടിമാരെല്ലാവരും പിന്തുടര്ന്നുവന്നത്. അതുകൊണ്ടു തന്നെ ഇന്നലെകളിലെ നായികമാരുടെ സ്വന്തം സ്റ്റൈലിനു പ്രാധാന്യമേറെയുണ്ട്.
ഹൃദയത്തിലിന്നും നിറയുന്ന അത്തരം ചില സ്റ്റൈലുകള്‍ കാണാം. മൂക്ക് മേലേക്കുയര്‍ത്തി ആരും ഇതുവരെ ചിരിക്കാത്ത രീതിയില്‍ മനോഹരമായി ചിരിക്കുന്ന സുഹാസിനി സ്റ്റൈലില്‍ തുടങ്ങാം.
സൗന്ദര്യവും അഭിനയത്തികവും ഒത്തുചേര്‍ന്ന സുഹാസിനിയുടെ സാരി സ്റ്റൈല്‍ സുഹാസിനി സ്റ്റൈല്‍ എന്ന ഒരു ട്രെന്‍ഡിനു തന്നെ എണ്‍പതുകളില്‍ തുടക്കം കുറിച്ചിരുന്നു.
മേല്‍ഭാഗത്ത് സാരിയുടെ പ്ലീറ്റുകള്‍ അടുക്കി കുത്തുമ്പോള്‍ ഒരു സാരിഭാഗം പുറത്തേക്കു നീണ്ടു കിടക്കുന്ന രീതിയിലായിരുന്നു സാരി ധരിക്കല്‍. സുഹാസിനി മികവുറ്റതാക്കിയ പല കഥാപാത്രങ്ങളും ഈ രീതിയില്‍ സാരി ചുറ്റി തങ്ങളുടെ വ്യക്തിത്വം പ്രകാശിപ്പിച്ചവരാണ്.
കൂടെവിടെ എന്ന സൂപ്പര്‍ ഹിറ്റ് സിനിമയിലെ ആലിസ് ടീച്ചര്‍, പിന്നെ പ്രണാമം, കഥ ഇതുവരെ തുടങ്ങിയ സിനിമകളിലെ ശക്തമായ സ്ത്രീകഥാപാത്രങ്ങള്‍ ഇവയെല്ലാം ഓര്‍മിക്കുമ്പോള്‍ ഈ സാരി സൗന്ദര്യവും മനസിലേക്ക് ഓടി എത്തും.
ഇതിന്റെ ഏറ്റവും വലിയ സവിശേഷത മേല്‍ഭാഗത്ത് സാരി പ്ലീറ്റുകള്‍ അടുക്കി ഇട്ട് അഭിനയിക്കുമ്പോള്‍ ശരീരഭാഗങ്ങള്‍ കാണുന്നു എന്ന ഒരു അവസ്ഥ ഒഴിവാകുന്നു എന്നതാണ്.
സ്ത്രീകള്‍ക്കു വളരെ കംഫര്‍ട്ടബിള്‍ ആയി അഭിനയിക്കാവുന്ന ഈ രീതി അക്കാലത്ത് കോളജ് വിദ്യാര്‍ഥിനികളും ഉദ്യോഗസ്ഥകളും അനുകരിച്ചിരുന്നു.
പിന്നീട് വന്ന സിനിമകളിലും സീരിയലുകളിലും ഈ അനുകരണം തുടര്‍ന്നു. ഇന്നും ഇതിനു മാറ്റമില്ല.
കുടുംബ പ്രേക്ഷകരുടെ മനംകവരുന്ന കുടുംബ വിളക്ക് സീരിയലില്‍ പ്രധാന സ്ത്രീകഥാപാത്രത്തെ അവതരിപ്പിക്കുന്ന നടി മീര വാസുദേവ് ഈ സ്റ്റൈല്‍ ഇന്നും മനോഹരമാക്കുന്ന നടിയാണ്.
പല ഹിറ്റ് സീരിയലുകളിലെയും നടിമാര്‍ അറിഞ്ഞോ അറിയാതെയോ സുഹാസിനി സ്റ്റൈല്‍ പിന്തുടരുന്നവരാണ്. അതുപോലെ കോളര്‍ വച്ച ഹൈനെക്ക് ബ്ലൗസ് ഒരു തരംഗമായി മാറ്റിയതും സുഹാസിനി തന്നെയാണ്.
ആദ്യകാലത്ത് എയര്‍ഹോസ്റ്റസ് ബ്ലൗസ് എന്നും അറിയപ്പെിരുന്ന ബ്ലൗസിന്റെ ആരാധകരായി കേരളത്തിലെ സ്ത്രീകള്‍ മാറിയിരുന്നു.
മൂവി പൈലറ്റായി വന്ന കഥ ഇതുവരെ എന്ന സിനിമയില്‍ എയര്‍ഹോസ്റ്റസ് കഥാപാത്രമായി എത്തിയ സുഹാസിനിയുടെ ക്ലാസ് സ്റ്റൈലാണ് വീട്ടമ്മമാരുള്‍പ്പെടെ ഉള്ള സ്ത്രീകളെ ഈ സ്റ്റൈലിന്റെ ആരാധകരാക്കിയത്.
ഇന്നും കോളര്‍ ഹൈനെക്ക് ബ്ലൗസ് സ്വന്തം ഫാഷന്‍ സ്റ്റൈലായി കൊണ്ടുനടക്കുന്നവരുണ്ട്. ഒരേ രീതിയിലെ യൂണിഫോം ധരിക്കുന്ന കച്ചവട സ്ഥാപനങ്ങളിലെ സെയില്‍സ് ഗേള്‍സും ഇവ അണിഞ്ഞു കാണാറുണ്ട്.
അതുപോലെ സിനിമ സീരിയല്‍ രംഗത്തും സുഹാസിനി കൊണ്ടുവന്ന എയര്‍ഹോസ്റ്റസ് സ്റ്റൈല്‍ കാണാം.
എസ്. മഞ്ജുളാദേവി