കൂത്തുപറമ്പ്: കൃഷി ചെയ്യാൻ ഇടമില്ലെന്നു പറഞ്ഞു കാർഷിക മേഖലയോടു വിമുഖത കാട്ടുന്നവർക്കു പ്രചോദനമാവുകയാണു മാങ്ങാട്ടിടം കരിയിലെ സുഹറയെന്ന വീട്ടമ്മ. സുഹറയുടെ വീടിന്റെ ടെറസിലെത്തിയാൽ വ്യാപിച്ചുകിടക്കുന്ന വലിയൊരു കൃഷിത്തോട്ടത്തിലെത്തിയ പ്രതീതിയാണുണ്ടാവുക.
ടെറസിലെ കൃഷിയിടത്തിൽ കൃഷി ചെയ്യാത്തതായി ഒരിനവും ഇല്ലെന്നു തന്നെ പറയാം. വീട്ടുപറമ്പിൽ കൃത്യമായി സൂര്യപ്രകാശം കിട്ടാത്തതാണു സുഹറയെ ടെറസ് കൃഷിയിലേക്ക് ആകർഷിച്ചത്. പരീക്ഷണമെന്നോണം ഓരോ ഇനങ്ങളും കൃഷി ചെയ്തു തുടങ്ങിയ സുഹറ നാട്ടിൽ അധികം കൃഷി ചെയ്തു വരാത്ത ഇനങ്ങളും കൃഷി ചെയ്ത് വരുന്നു.
കോളി ഫ്ലവർ, മുളക്, കാരറ്റ്, മല്ലിച്ചപ്പ്, തക്കാളി, കാബേജ്, ബീറ്റ്റൂട്ട്, ഉള്ളി, വഴുതിന, മത്തൻ, വെണ്ട ഇങ്ങിനെ നീളുന്നു സുഹറയുടെ ടെറസ് കൃഷിയിലെ ഇനങ്ങൾ. തീർന്നില്ല, ചെറുനാരങ്ങ, മുരിങ്ങ, പേര, മാവ്, സ്ട്രോബറി, റംബൂട്ടാൻ, തുടങ്ങിയവയും ടെറസിൽ സമൃദ്ധമായി വളരുന്നു.
കൃഷിഭവനിൽ നിന്നും ലഭിക്കുന്ന വിത്തുകളും തൈകളും ഉപയോഗിച്ചു കൃഷി ചെയ്തുവരുന്ന സുഹറ ഇപ്പോൾ പ്രവാസികളായ ബന്ധുക്കൾ നല്കുന്ന വിദേശ ഇനം വിത്തുകളും കൃഷി ചെയ്തുവരുന്നു. ഗ്രോ ബാഗ്, പ്ലാസ്റ്റിക് ചാക്കുകൾ, പ്ലാസ്റ്റിക് ബോട്ടിലുകൾ എന്നിവയും കൃഷി ചെയ്യാനായി ഉപയോഗിക്കുന്നു. തീർത്തും ജൈവരീതിയിൽ ചെയ്യുന്ന ഈ കൃഷിയ്ക്കു തിരിനന സംവിധാനത്തിലൂടെയാണ് വെള്ളം നനയ്ക്കുന്നത്.
ടെറസിനു പുറമെ വീട്ടുപറമ്പിലും സുഹറ കൃഷി ചെയ്യുന്നുണ്ട്.