ഹരിപ്പാട്: ആലപ്പുഴ ജില്ലയിലെ പ്രളയ ബാധിത പ്രദേശങ്ങളിൽ നടത്തിയ രക്ഷാപ്രവർത്തനത്തിനിടെ ഗുരുതരമായി പരിക്കേറ്റ മത്സ്യത്തൊഴിലാളിയെ ജില്ലാ കളക്ടർ എസ്. സുഹാസ് സന്ദർശിച്ചു. ആറാട്ടുപുഴ കള്ളിക്കാട് മുണ്ടുചിറയിൽ രത്നകുമാറിനാണ് ഓഗസ്റ്റ് 16ന് ചെങ്ങന്നൂർ പാണ്ടനാട് പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുന്നതിനിടയിൽ ഗുരുതരമായി പരിക്കേറ്റത്.
വയറിലും കാലിലുമേറ്റ ഗുരുതരമായ പരിക്കുമായി 40 ദിവസത്തോളമാണ് ആശുപത്രിയിൽ കഴിയേണ്ടി വന്നത്. രണ്ട് ശസ്ത്രക്രിയകളും ഇതിനിടയിൽ നടത്തി. മൂന്നര മാസത്തോളം വിശ്രമമാണ് ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുള്ളത്.
ഭാര്യ ജിഷ, മക്കളായ ആരതി, അഞ്ജലി എന്നിവരടങ്ങുന്നതാണ് രത്നകുമാറിന്റെ കുടുംബം.
സ്വന്തം വീടിന്റെ നിർമാണത്തിനായി ഫൗണ്ടേഷൻ പൂർത്തിയായപ്പോഴാണ് അപകടം സംഭവിച്ചത്. ഭവന നിർമാണം പൂർത്തിയാക്കുന്നതിനായി നാലു ലക്ഷം രൂപയുടെ ധനസഹായം കളക്ടർ ഉറപ്പ് നല്കി. ഇതോടൊപ്പം അടിയന്തരമായി ഒരു ലക്ഷം രൂപയും ഇവർക്കു നല്കും.
ജില്ലാ കളക്ടറുടെ സുഹൃദ്വലയത്തിൽ നിന്നാണ് ഈ തുക കണ്ടെത്തി നല്കുന്നത്. ഇതോടൊപ്പം രത്നകുമാറിന്റെ ഭാര്യക്ക് മത്സ്യഫെഡിൽ ജോലി ലഭിക്കുന്നതിനു വേണ്ട സഹായങ്ങളും കളക്ടർ വാഗ്ദാനം ചെയ്തു.