ഹരിപ്പാട്: അഞ്ചു വർഷം മുമ്പ് ദൂരൂഹ സാഹചര്യത്തിൽ യുവാവ് മരിച്ച സംഭവത്തിൽ പുനരന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതിയുടെ ഉത്തരവ്.
തൃക്കുന്നപ്പുഴ പാനൂർ പൂത്തുറ വീട്ടിൽ മുഹമ്മദ് മുസ്തഫ(34) യുടെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന ബന്ധുക്കളുടെ ഹർജി പരിഗണിച്ച ഹൈക്കോടതി പോലീസിനോട് പുരന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഉത്തരവിടുകയായിരുന്നു.
ഹൃദയാഘാതമല്ലെന്ന്…
മരിച്ച മുസ്തഫയുടെ ഭാര്യ സുമയ്യയുടെ ബന്ധു തൃക്കുന്നപ്പുഴ കൊക്കാടം തറയിൽ ഇർഷാദാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഇതോടെ തൃക്കുന്നപ്പുഴ സി ഐ യുടെ നേതൃത്വത്തിലുള്ള പോലീസ് പുനരന്വേഷണം ആരംഭിച്ചു.
ഇതേ തുടർന്ന് മുസ്തഫയുടെ മൃതദേഹം പുറത്തെടുത്തത് പോസ്റ്റ്മോർട്ടം ചെയ്യാൻ പോലീസ് തീരുമാനിച്ചു . കൂടാതെ ഭാര്യ സുമയ്യയുടെ മൊഴിയും പോലീസ് രേഖപ്പെടുത്തി.
മരണകാരണം ഹൃദയാഘാതം അല്ലെന്നും തൂങ്ങി മരിച്ചതാണെന്നും മരണത്തിൽ ദുരൂഹത ഉണ്ടെന്നും ഇവർ മൊഴി നൽകി. മുസ്തഫയുടെ മരണശേഷം സുമയ്യ പുനർവിവാഹിതയായിരുന്നു.
പോസ്റ്റ്മോർട്ടം
2015 നവംബറിലാണ് മുസ്തഫയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് കരുതിയത്. അതിനാൽ പോസ്റ്റ്മോർട്ടം കൂടാതെയാണ് മൃതദേഹം സംസ്കരിച്ചത്. മുസ്തഫ മരിക്കുന്നതിന് മുമ്പ് ബന്ധുവിന്റെ ജൂവലറിയിൽ ജോലി നോക്കിയിരുന്നു.
പിന്നീട് അത് നിർത്തി ഇറച്ചിവെട്ട് ചെയ്തുവരുന്നതിനിടെ ആയിരുന്നു മരണം. പാനൂർ മരക്കാട് ജുമാമസ്ജിദിലാണ് മുസ്തഫയുടെ മൃതദേഹം കബറടക്കിയിരിക്കുന്നത് .
മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യുന്നതിന് ആവശ്യമായ നടപടി ക്രമങ്ങൾക്കായി ആർ ഡി ഒ യ്ക്ക് കത്ത് നൽകിയിരിക്കുകയാണ് തൃക്കുന്നപ്പുഴ സിഐ ടി ദിലീഷ് പറഞ്ഞു.