ചേര്‍ത്തല: വീട്ടിലേക്കുള്ള വഴി അടച്ച് സിപിഎം കൊടിസ്ഥാപിച്ചെന്നു ഗൃഹനാഥന്റെ പരാതി. വഴിയില്ലാത്തതിനാല്‍ വീടുപണി മുടങ്ങിയതില്‍ പ്രതിഷേധിച്ച് ആത്മഹത്യാഭീഷണിയുമായി വയോധികന്. ചേര്‍ത്തല നഗരസഭ 15ാം വാര്‍ഡില്‍ വെളിങ്ങാട്ടുചിറ പുരുഷോത്തമനാണ് ആത്മഹത്യാ ഭീഷണിയുമായി സമീപത്തെ കെട്ടിടത്തിനു മുകളില്‍ കയറിയിരുന്നത്.
പോലീസെത്തിയാണ് ഇയാളെ അനുനയിപ്പിച്ച് താഴെയിറക്കിയത്. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. പുരുഷോത്തമന്റെ സഹോദരിയുടെ മകള്‍ സമീപത്ത് വീടുപണിയുന്നുണ്ട്. ഇവരുടെ സ്ഥലത്തിനു കിഴക്കുഭാഗത്തുകൂടി റോഡിനായി ശ്രമങ്ങള്‍ നടന്നിരുന്നു. ഇതിനായി സ്ഥലം നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും മുമ്പ് വഴിക്കായി സ്ഥലം നല്കിയതിനാല് ഇവര്‍ അതു നിരസിച്ചു. തുടര്‍ന്നാണ് സിപിഎമ്മിന്റെ നേതൃത്വത്തില്‍ വഴിമുടക്കി കൊടി സ്ഥാപിച്ചതെന്നാണ് വീട്ടുകാരുടെ പരാതി.
ഇതുമൂലം വീടിന്റെ അടിത്തറ നിര്‍മാണം പോലും പൂര്‍ത്തിയാക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞില്ലെന്നാണ് പരാതി. പലതവണ പാര്‍ട്ടി നേതാക്കള്‍ക്ക് പരാതികള്‍ നല്‍കിയെങ്കിലും നടപടികള്‍ സ്വീകരിച്ചിരുന്നില്ലെന്നാണ് ആക്ഷേപം.
എന്നാല്‍ തീര്‍ത്തും വാസ്തവവിരുദ്ധമായ പ്രചരണമാണ് നടത്തുന്നതെന്നും ഇവരുടെ സ്ഥലത്തല്ല കൊടി സ്ഥാപിച്ചിട്ടുള്ളതെന്നും മറ്റൊരു സ്ഥലത്ത് ഉടമയുടെ പൂര്‍ണ അനുമതിയോടെയാണ് കൊടി സ്ഥാപിച്ചിരിക്കുന്നതെന്നും സിപിഎം ലോക്കല്‍ സെക്രട്ടറി കെ.പി പ്രതാപന് പറഞ്ഞു.