പന്തളം: സഹജോലിക്കാരുടെ മാനസികപീഡനം ആരോപിച്ച് കൈത്തണ്ടയിലെ ഞരമ്പ് മുറിച്ച് യുവതി ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തില്‍ ആശുപത്രിയിലേക്ക് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. പറന്തലില്‍ അടുത്തിടെ പ്രവര്‍ത്തനം തുടങ്ങിയ സ്വകാര്യ ആശുപത്രിയിലെ നഴ്സായ തട്ടയില്‍ പൊങ്ങലടി സ്വദേശിനിയാണ് വെള്ളിയാഴ്ച രാത്രി ജീവനൊടുക്കാൻ ശ്രമിച്ചത്. ആശുപത്രിയിലെ സഹജോലിക്കാരുടെ പീഡനം മൂലമാണ് ജീവനൊടുക്കാനുള്ള ശ്രമമെന്നും ഇക്കാര്യത്തില്‍ അന്വേഷണം നടത്തണമെന്നുമാവശ്യപ്പെട്ടായിരുന്നു സമരം.
പറന്തല്‍ കവലയില്‍ നിന്ന് തുടങ്ങിയ മാര്‍ച്ച് ആശുപത്രിയുടെ പ്രവേശനവഴിയില്‍ പോലീസ് തടഞ്ഞു.തുടര്‍ന്ന് നടന്ന പ്രതിഷേധയോഗം ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയംഗം സി.ബി.സജികുമാര്‍ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റഅ അബീഷ് അധ്യക്ഷത വഹിച്ചു.
സിപിഎം ഏരിയ കമ്മിറ്റിയംഗം പി.കെ.അനില്‍കുമാര്‍, സി.രാഗേഷ്, രാജേഷ്, അബ്ദുള്ള തുടങ്ങിയവര്‍ പ്രസംഗിച്ചു. പ്രതിഷേധത്തിന് ശേഷം പിരിഞ്ഞു പോയ പ്രവര്‍ത്തകര്‍ നടത്തിയ കല്ലേറില്‍ എംസി റോഡരികില്‍ സ്ഥാപിച്ചിരുന്ന ആശുപത്രിയുടെ ബോര്‍ഡിന് കേടുപാടുണ്ടായി.തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള യുവതി അപകടനില തരണം ചെയ്തതായി പോലീസ് അറിയിച്ചു. ഇവരുടേതെന്ന് കരുതുന്ന കുറിപ്പില്‍ ആശുപത്രിയിലെ മൂന്ന് ജീവനക്കാരികളുടെ പേരുകള്‍ സൂചിപ്പിച്ചിരുന്നു.
ചികിത്സയിലുള്ള യുവതിയുടെ പിതാവിന്റെ മൊഴി പ്രകാരം മൂന്ന് ജീവനക്കാരികള്‍ക്കെതിരെ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി കേസെടുത്തിട്ടുണ്ടെന്ന് പന്തളം സിഐ ആര്. സുരേഷ് അറിയിച്ചു. എന്നാല്‍, ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ജീവനക്കാരില്‍ നിന്ന് ഒരു തരത്തിലുള്ള പീഡനവും ഉണ്ടായിട്ടില്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.