കാളികാവ്: കൂട്ട ആത്മഹത്യക്കു ശ്രമിച്ച കുടുംബത്തിലെ ഗൃഹനാഥനും മൂത്തമകനും മരിച്ചു. ഇതോടെ നാലംഗ കുടുംബത്തിലെ മൂന്നു പേർ മരിച്ചു. അച്ഛനും അമ്മയും രണ്ടു മക്കളും ഉൾപ്പെടെ കുടുംബം കഴിഞ്ഞ ദിവസം ഗുരുവായൂരിൽ എത്തി പായസത്തിൽ വിഷം കലർത്തി കഴിക്കുകയായിരുന്നു.
മൂന്നു വയസുള്ള ആകാശ് നേരത്തെ മരിച്ചിരുന്നു. ഗൃഹനാഥൻ സുനിൽകുമാറും മകൻ ആറു വയസുള്ള ആകാശുമാണ് ഇന്നലെ മരിച്ചത്. അമ്മ സുജാത ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
പൂങ്ങോട് ചേരംകോട് മൂന്നുസെന്റ് കോളനിയിൽ കാരമല വീട്ടിൽ സുനിൽകുമാറും ഭാര്യ സുജാതയും മക്കളെയുംകൂട്ടി ക്ഷേത്ര ദർശനത്തിനു ശേഷം വിഷം കഴിക്കുകയായിരുന്നു. ഇന്നലെ രാത്രിയാണ് ചികിത്സയിലായിരുന്ന സുനിൽ കുമാർ മരിച്ചത്. രണ്ടാമത്തെ കുട്ടി അമലിന്റെ മൃതദേഹം ഇന്നലെ വൈകുന്നേരത്തോടെ സംസ്കരിച്ചിരുന്നു. വീടിനായി പണിത തറ പൊളിച്ചാണ് സംസ്കരിച്ചത്. സുനിൽ കുമാറിന്റെ തറവാട് സ്ഥിതിചെയ്യുന്ന സ്ഥലം അഞ്ച് സെന്റ് മാത്രമാണുള്ളത്. ഇതിൽ ഒരു ഭാഗത്ത് ഷെഡ് കെട്ടിയാണ് സുനിൽകുമാറിന്റെ പിതാവ് ഗംഗാധരനും കുടംബവും കഴിയുന്നത്. സംഭവത്തിൽ ആദ്യം മരിച്ച മൂന്നു വയസുകാരൻ ആകാശിന്റെ മൃതദേഹം വീടിനോട് ചേർന്ന് നേരത്തെ അടക്കം ചെയ്തിരുന്നു.
വായ്പയെടുത്തതിനെതുടർന്ന് വാണിയമ്പലത്തെ ബാങ്കിൽനിന്നു സുനിലിന് ജപ്തി നോട്ടീസ് ലഭിച്ചിരുന്നു. മിച്ചഭൂമിയായി പതിച്ച് കിട്ടിയ മൂന്ന് സെന്റ് സ്ഥലത്തിന്റെ രേഖ ഉപയോഗിച്ചാണ് സുനിൽകുമാർ ബാങ്കിൽനിന്നു വായ്പയെടുത്തിരുന്നത്. പെരിന്തൽമണ്ണക്കടുത്ത് മാനത്തുമംഗലത്ത് ടാപ്പിംഗ് തൊഴിൽ നടത്തിവന്ന സുനിൽകുമാർ തോട്ടത്തിലെ റാട്ടപ്പുരയിൽ മൂന്നു വർഷമായി താമസിച്ചുവരികയായിരുന്നു. സുനിലിന്റെ പിതാവ് ഗംഗാധരനും സഹോദരങ്ങളും കഴിയുന്നത് ഒരു ഷെഡ്ഡിലാണ്. ഈ ഷെഡിനോട് ചേർന്നുള്ള തറ പൊളിച്ചാണ് മരിച്ച കുട്ടിയെ സംസ്കരിച്ചത്. സുനിൽകുമാറിന്റെ മൃതദേഹം ഇന്നു സംസ്കരിക്കും.