തിരുവനന്തപുരം: നന്തൻകോടിന് സമീപം ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി. മനോജ്കുമാർ (45), ഭാര്യ രഞ്ജു (38), മകൾ അമൃത (16) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നോടെ മനോജ് കുമാറിനെ വീട്ടിലെ സിറ്റൗട്ടിൽ അവശനിലയിൽ കണ്ടെത്തുകയായിരുന്നു.
ഭാര്യ അയൽവാസികളെ അറിയിച്ചതിനെ തുടർന്ന് നാട്ടുകാരും പോലീസും ചേർന്ന് മനോജിനെ മെഡിക്കൽ കോളജാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മനോജ് മരിച്ചുവെന്ന വിവരം അറിഞ്ഞതിനെ തുടർന്ന് രഞ്ജുവും മകളും വിഷം കഴിച്ച് മരിച്ചുവെന്നാണ് പോലീസ് പറയുന്നത്.
ഇന്ന് പുലർച്ചെ ബന്ധുക്കൾ രഞ്ജുവിന്റെ വീട്ടിലെത്തി വിളിച്ചു . വാതിൽ തുറക്കാതായതിനെ തുടർന്ന് പോലീസിന്റെ സഹായത്തോടെ വാതിൽ പൊളിച്ച് അകത്ത് കയറി നോക്കിയപ്പോഴാണ് അമ്മയെയും മകളെയും കിടപ്പ് മുറിയിലെ കട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു.
മുറിക്കകത്ത് നിന്നും സയനൈഡിന്റെ കുപ്പി കണ്ടെടുത്തുവെന്നും ഇവർ സയനൈഡ് കുടിച്ച് ആത്മഹത്യ ചെയ്തുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. മനോജ് സ്വർണ പണിക്കാരനാണ്. സ്വർണാഭരണ നിർമ്മാണത്തിന് ഉപയോഗിക്കാൻ സൂക്ഷിച്ച സയനൈഡ് ആണ് ഇവർ കഴിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത് ‘ മനോജും സയനൈഡ് കഴിച്ചുവെന്നാണ് പോലീസിന്റെ നിഗമനം.
ഇന്നലെ രാത്രിയിൽ മനോജും ഭാര്യയും തമ്മിൽ വഴക്ക് നടന്നിരുന്നുവെന്ന് സമീപവാസികൾ പോലീസിനോട് പറഞ്ഞു. സാമ്പത്തിക പ്രശ്നങ്ങൾ കുടുംബത്തിനുണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.മരണം സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമെ പറയാൻ സാധിക്കുകയുള്ളൂവെന്ന് മ്യൂസിയം പോലീസ് വ്യക്തമാക്കി.
മനോജും കുടുംബവും കഴിഞ്ഞ എട്ട് വർഷമായി ഈ വീട്ടിൽ വാടകയ്ക്ക് താമസിച്ച് വരികയാണ്. മനോജിന്റെ സ്വദേശം കാഞ്ഞിരപ്പള്ളി മുണ്ടക്കയവും രഞ്ജു മാന്നാർ സ്വദേശിനിയുമാണ് . മ്യൂസിയം പോലീസ് മേൽനടപടി സ്വീകരിച്ചു. മൃതദേഹങ്ങൾ മെഡിക്കൽ കോളജാശുപത്രി മോർച്ചറിയിലേക്ക് മാറ്റി.